**Kozhikode◾:** കരൂരിലെ അപകടത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രികഴകം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അപകടത്തില് സംസ്ഥാന സര്ക്കാര് ജുഡീഷ്യല് അന്വേഷണം നടത്താമെന്ന് ഉറപ്പ് നല്കിയതിന് പിന്നാലെയാണ് ടി.വി.കെ കേന്ദ്ര ഏജന്സിയുടെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ വിജയ്ക്കെതിരെയുള്ള അറസ്റ്റ് ഉടന് വേണ്ടെന്ന് സര്ക്കാര് തീരുമാനിച്ചു.
സംസ്ഥാന സര്ക്കാര് നടത്തുന്ന ഏത് അന്വേഷണവും ടി.വി.കെയെ മാത്രം പ്രതിസ്ഥാനത്ത് നിര്ത്തുന്നതാകും എന്ന നിഗമനത്തിലാണ് പാര്ട്ടി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന് തീരുമാനിച്ചത്. ഇന്നലെ രാത്രി കരൂരില് നിന്ന് ചെന്നൈയിലെ വീട്ടിലെത്തിയ വിജയ് ഓണ്ലൈനായി നേതാക്കളുടെ യോഗം വിളിച്ചു. ജനറല് സെക്രട്ടറി എന്.ആനന്ദ്, ആദവ് അര്ജുന തുടങ്ങിയവര് പങ്കെടുത്ത യോഗത്തില് നിര്ണായക തീരുമാനങ്ങള് ഉണ്ടായി. അപകടത്തില് ജനറല് സെക്രട്ടറി എന്.ആനന്ദ് ഉള്പ്പെടെ മൂന്നുപേര്ക്കെതിരെ മനഃപൂര്വമല്ലാത്ത നരഹത്യ ഉള്പ്പെടെയുള്ള വകുപ്പുകള് ചുമത്തി കേസെടുത്തിട്ടുണ്ട്.
സംസ്ഥാന പര്യടനത്തിന്റെ ഭാഗമായുള്ള വിജയുടെ അടുത്തയാഴ്ചത്തെ പരിപാടികള് മാറ്റിവെച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ശനിയാഴ്ച റാണിപേട്ടിലും, തിരുപ്പത്തൂരിലും നടത്താനിരുന്ന പരിപാടികള് റദ്ദാക്കി. വിജയുടെ വീടിന് മുന്നിലെ പോലീസ് സുരക്ഷ വര്ദ്ധിപ്പിച്ചു. സംസ്ഥാന പര്യടനം താല്ക്കാലികമായി നിര്ത്തിവയ്ക്കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം വിജയ്ക്കെതിരെ കേസെടുക്കുമെങ്കിലും ഉടന് അറസ്റ്റ് ചെയ്യില്ല. സര്ക്കാര് നാളെ വിഷയം കോടതിയെ അറിയിക്കും. അതിനുശേഷം കോടതിയുടെ നിര്ദ്ദേശപ്രകാരമാകും തുടര്നടപടികള് സ്വീകരിക്കുക. കരൂരിലേക്ക് പോകാന് വിജയ് പോലീസ് അനുമതി നേടിയതായും റിപ്പോര്ട്ടുണ്ട്.
അപകടത്തില് മരിച്ചവരുടെ കുടുംബങ്ങള്ക്ക് 20 ലക്ഷം രൂപ ധനസഹായം വിജയ് പ്രഖ്യാപിച്ചു. കൂടാതെ ചികിത്സയില് കഴിയുന്നവര്ക്ക് രണ്ട് ലക്ഷം രൂപയും നല്കും.
TVK Approaches Madras High Court Seeking Probe In Karur Stampede