Kozhikode◾: തെക്കൻ കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴിയുടെ സ്വാധീനമാണ് മഴ ശക്തമാകാൻ കാരണം.
മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും വടക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തികൂടിയ ചക്രവാതച്ചുഴി നിലനിൽക്കുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായിരിക്കാൻ തിരുവനന്തപുരം നഗരസഭ ജീവനക്കാർക്ക് മേയർ ആര്യ രാജേന്ദ്രൻ നിർദേശം നൽകി. സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്.
ശനിയാഴ്ചയോടെ ശക്തമായ മഴ വടക്കൻ കേരളത്തിലേക്കും വ്യാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ നഗര മലയോര മേഖലകളിൽ ശക്തമായ മഴയാണ് പെയ്തത്. കാഞ്ഞിരപ്പള്ളി, പൊൻകുന്നം, മീനച്ചിൽ മേഖലകളിൽ അതിശക്തമായ മഴ ലഭിച്ചു.
ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ശനിയാഴ്ച വരെ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി. അതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
Story Highlights: തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.