**കോയമ്പത്തൂർ◾:** കോയമ്പത്തൂരിൽ സ്ലീവ് ലെസ് വസ്ത്രം ധരിച്ചെത്തിയ യുവതിക്കെതിരെ സദാചാര ആക്രമണം. നിയമവിദ്യാർത്ഥിനിയായ ജനനിക്ക് നേരെയാണ് ഒരു കൂട്ടം ആളുകൾ രംഗത്തെത്തിയത്. പൊതുസ്ഥലത്ത് മാന്യമായ വസ്ത്രം ധരിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ആളുകൾ യുവതിയെ അധിക്ഷേപിക്കുകയും കയർക്കുകയും ചെയ്തു. സംഭവത്തിൽ യുവതി പരാതി നൽകിയിട്ടുണ്ട്.
യുവതിയും സുഹൃത്തും ചേർന്ന് പൂ മാർക്കറ്റിൽ ഫോട്ടോ എടുക്കുന്നതിനിടെയായിരുന്നു സംഭവം. ഈ സമയം ഒരു കൂട്ടം ആളുകൾ ഇവരുടെ അടുത്തേക്ക് വരികയും മര്യാദയില്ലാത്ത വസ്ത്രം ധരിച്ചതിന് മാർക്കറ്റിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുകയുമായിരുന്നു. മാർക്കറ്റ് ഒരു പൊതുസ്ഥലമാണെന്നും മാന്യമായ വസ്ത്രം ധരിക്കണമെന്നും അവരിലൊരാൾ പറയുന്നതും വീഡിയോയിൽ കേൾക്കാം. ഈ തർക്കത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ യുവതി കോയമ്പത്തൂർ കമ്മീഷണർക്ക് നേരിട്ടെത്തി പരാതി നൽകി. കണ്ടാൽ അറിയാവുന്ന ആറ് പേർക്കെതിരെയാണ് യുവതിയുടെ പരാതി. എന്നാൽ യുവതി പൂ മാർക്കറ്റിൽ റീൽ ചിത്രീകരിക്കാൻ എത്തിയതാണെന്നും ഇത് തങ്ങളുടെ ജോലിയെ തടസ്സപ്പെടുത്തിയെന്നും വ്യാപാരികൾ ആരോപിച്ചു. ഇതിനെത്തുടർന്ന് വ്യാപാരികളും യുവതിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
യുവതിക്കെതിരെയുള്ള വ്യാപാരികളുടെ പരാതിയും, വ്യാപാരികൾക്കെതിരെയുള്ള യുവതിയുടെ പരാതിയും നിലവിൽ പോലീസിന്റെ പരിഗണനയിലാണ്. ഇരു വിഭാഗത്തിന്റെയും പരാതികൾ വിശദമായി പരിശോധിച്ച ശേഷം പോലീസ് തുടർനടപടികൾ സ്വീകരിക്കും. രണ്ട് പരാതികളിന്മേലും അന്വേഷണം നടത്തി കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം, യുവതിക്കെതിരെ വ്യാപകമായ സൈബർ ആക്രമണവും നടക്കുന്നുണ്ട്. സദാചാരവാദികളുടെ ഈ പ്രവർത്തിക്കെതിരെ നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
Story Highlights : Woman in Coimbatore abused for reaching flower market wearing sleeveless dress