അഫ്ഗാനിസ്ഥാനിലെ വനിതാകാര്യ മന്ത്രാലയത്തിൽ വനിതകൾക്ക് പ്രവേശനം നിഷേധിച്ച് താലിബാൻ. വനിതകൾക്ക് പ്രവേശനം നിഷേധിക്കുകയും പുരുഷന്മാരെ മാത്രമാണ് പ്രവേശിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
നിലവിൽ നാല് വനിതാ ജീവനക്കാരെയും കെട്ടിടത്തിന് അകത്തേക്ക് പ്രവേശിപ്പിച്ചില്ലെന്ന് കാര്യാലയത്തിലെ ജീവനക്കാരി മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് മന്ത്രാലയത്തിന് സമീപം പ്രതിഷേധ പ്രകടനങ്ങൾ നടത്താനാണ് വനിതാ ജീവനക്കാരുടെ തീരുമാനം.
20 വർഷത്തിനു ശേഷം അഫ്ഗാനിൽ താലിബാൻ ഭരണം കയ്യടക്കിയപ്പോൾ സ്ത്രീകളായിരുന്നു ഏറ്റവും ആശങ്കപെട്ടത്. താലിബാൻ ഭരിച്ചിരുന്ന കാലഘട്ടത്തിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസവും തൊഴിലും നിഷേധിച്ചിരുന്നു.
അതേസമയം സർവകലാശാലകളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ട്. ആൺകുട്ടികളെയും പെൺകുട്ടികളെയും കർട്ടനിട്ട് മറച്ചാണ് ഇരുത്തിയിരിക്കുന്നത്. കൂടാതെ പെൺകുട്ടികൾ ശരീരം മുഴുവനായും വസ്ത്രം ധരിച്ച് മറയ്ക്കണമെന്നും നിബന്ധനയുണ്ട്.
സ്ത്രീകൾ വീടുകളിൽ മാത്രമാണ് സുരക്ഷിതമെന്ന് പ്രഖ്യാപിച്ച് താലിബാൻ സ്ത്രീകളെ ജോലി സ്ഥലത്തുനിന്ന് തിരിച്ചയക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നു.
Story Highlights: Taliban bans female employees from entering Ministry of Women