തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. കർണാടകയിലെ ആലന്ദ് മണ്ഡലത്തിലെ വോട്ടർമാരെ നീക്കം ചെയ്യാൻ ശ്രമം നടന്നുവെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. പൊതുജനങ്ങൾക്ക് ആർക്കും ഓൺലൈനായി വോട്ട് നീക്കം ചെയ്യാനാകില്ലെന്നും കമ്മീഷൻ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കും കമ്മീഷൻ മറുപടി നൽകി.
ആലന്ദ് മണ്ഡലത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടർമാരെ വാർത്താസമ്മേളന വേദിയിലെത്തിച്ച് രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി വോട്ടുകൊള്ളയിൽ പുതിയ തെളിവുകൾ നിരത്തിയിരുന്നു. എന്നാൽ ഹൈഡ്രജൻ ബോംബല്ലെന്ന് രാഹുൽ ഗാന്ധി ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.
2023-ൽ ആലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരെ നീക്കം ചെയ്യാൻ ചില ശ്രമങ്ങൾ നടന്നിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു. മഹാരാഷ്ട്രയിലെ രജൂറയിൽ 6800-ലേറെ വ്യാജ വോട്ടർമാരെ കൂട്ടിച്ചേർത്തെന്ന ആരോപണവും രാഹുൽ ഗാന്ധി ഉന്നയിച്ചു. ഇതിനായി പ്രത്യേക സോഫ്റ്റ്വെയർ ഉൾപ്പെടെ കേന്ദ്രീകൃത സംവിധാനമുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
സംസ്ഥാനത്തിന് പുറത്ത് നിന്ന് വിവിധ മൊബൈൽ ഫോൺ നമ്പറുകൾ ഉപയോഗിച്ചാണ് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കാനുള്ള അപേക്ഷ നൽകിയത്. 14 മിനിറ്റിനുള്ളിൽ വോട്ടർമാരെ നീക്കം ചെയ്തുവെന്നും 36 സെക്കൻഡിനുള്ളിൽ രണ്ട് അപേക്ഷകൾ പൂരിപ്പിച്ച് നൽകിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. സൂര്യകാന്ത് എന്നയാളുടെ പേരിൽ മാത്രം 12 വോട്ടുകൾ നീക്കം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 18 മാസത്തിനുള്ളിൽ കർണാടക സിഐഡി തിരഞ്ഞെടുപ്പ് കമ്മീഷന് 18 കത്തുകൾ നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പട്ടികയിൽ നിന്ന് പേര് വെട്ടാൻ അപേക്ഷ നൽകിയ കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ് ഉൾപ്പെടെയുള്ള വിവരങ്ങൾ തേടിയായിരുന്നു കത്ത്. വോട്ടർമാരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ടാണ് സിഐഡി കത്തുകൾ നൽകിയത്.
ഈ വിഷയത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ മറുപടി വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പൊതുജനങ്ങളിൽ ആർക്കും ഓൺലൈനായി വോട്ട് നീക്കം ചെയ്യാനാകില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ചു. വോട്ടുകൊള്ളക്കാരെ ഗ്യാനേഷ് കുമാർ സംരക്ഷിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
Story Highlights : Allegations made by Rahul Gandhi incorrect, baseless: ECI