തിരുവനന്തപുരം◾: ആരോഗ്യരംഗത്തെ സ്ഥിതിഗതികളെക്കുറിച്ച് പ്രതിപക്ഷവും സർക്കാരും തമ്മിൽ നിയമസഭയിൽ വാക്വാദങ്ങൾ നടന്നു. ആരോഗ്യരംഗം അപകടത്തിലാണെന്നും, കൊവിഡ് കാലത്തിനു ശേഷം കേരളത്തിൽ മരണനിരക്ക് വർധിച്ചെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഇതിന് മറുപടിയായി, സർക്കാർ സംവിധാനത്തെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് കുറ്റപ്പെടുത്തി. യുഡിഎഫ് ഭരണകാലത്തെ ശിശുമരണ നിരക്ക് 12 ആയിരുന്നത് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 5 ആയി കുറച്ചെന്നും മന്ത്രി അവകാശപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ഉന്നയിച്ച പ്രധാന വിമർശനം അമീബിക് മസ്തിഷ്ക ജ്വരത്തെക്കുറിച്ചുള്ള ചികിത്സാ പ്രോട്ടോക്കോൾ ലഭ്യമല്ല എന്നതാണ്. അമീബിക് മസ്തിഷ്ക ജ്വരത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ആരുടെ കൊട്ടേഷനാണ് താൻ എടുക്കുന്നത് എന്ന് ചോദിച്ച അദ്ദേഹം രാഷ്ട്രീയപരമായ സംവാദങ്ങളിൽ മര്യാദ പാലിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 19 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും അതിൽ 8 എണ്ണം 15 ദിവസത്തിനുള്ളിൽ സംഭവിച്ചതുമാണ്. വിദഗ്ധ സഹായം തേടാതെ സർക്കാർ ഇരുട്ടിൽ തപ്പുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആരോഗ്യ കേരളം എല്ലാവരും ചേർന്ന് കെട്ടിപ്പടുത്തതാണെന്നും 10 കൊല്ലം മുമ്പുള്ള കഥകളാണ് മന്ത്രി പറയുന്നതെന്നും സതീശൻ വിമർശിച്ചു. 2016 ലാണ് കേരളത്തിൽ ആദ്യത്തെ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വസ്തുതകൾ ഇതായിരിക്കെ 2013-ൽ ഉണ്ടായിരുന്ന സർക്കാരിനെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ക്രിയാത്മകമായ സമീപനം സ്വീകരിക്കുന്നതിന് പകരം പരസ്പരവിരുദ്ധമായി സംസാരിക്കുന്നെന്നും സതീശൻ ആരോപിച്ചു.
ആരോഗ്യ കേരളത്തിനെതിരെ ഇടത് സഹയാത്രികനായ ഡോക്ടർ തന്നെ പരാതി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രി വികസന സമിതിയിൽ പൈസയില്ലെന്നും പഴയ കണക്കുകൾ പറഞ്ഞുകൊണ്ടിരുന്നാൽ മതിയോ എന്നും സതീശൻ ചോദിച്ചു. ആരോഗ്യ കേരളത്തെ വെന്റിലേറ്ററിൽ നിന്ന് രക്ഷിക്കേണ്ടെ എന്നും അദ്ദേഹം ചോദിച്ചു.
മന്ത്രി വീണാ ജോർജ് ഇതിന് മറുപടി നൽകിയത് യുഡിഎഫ് ഭരണകാലത്തെ ശിശുമരണ നിരക്ക് ചൂണ്ടിക്കാട്ടിയാണ്. യുഡിഎഫ് ഭരണകാലത്ത് ശിശുമരണ നിരക്ക് 12 ആയിരുന്നുവെന്നും അത് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 5 ആയി കുറയ്ക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷമാണ് ഇരുട്ടിൽ തപ്പുന്നതെന്നും 13 ജില്ലാ ആശുപത്രികളിൽ കാത്ത് ലാബ് കൊണ്ടുവന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
അമീബിക് മസ്തിഷ്കജ്വരം പടർത്തുന്ന അമീബ എല്ലാത്തരം ജലസ്രോതസ്സുകളിലുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2016 ലാണ് ആദ്യ കേസ് കണ്ടെത്തുന്നത്. കൃത്യമായ പരിശോധനയുടെ ഫലമായാണ് ഇത് കണ്ടെത്തിയത്. രാജ്യത്ത് 70% മസ്തിഷ്ക ജ്വരങ്ങളുടെയും കാരണം കണ്ടെത്തുന്നില്ല. എല്ലാ ജില്ലകളിലും ഏത് അമീബയാണെന്ന് കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങളുണ്ട്. ഇത് ഇല്ലെന്നുള്ളത് വ്യാജ പ്രചരണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഹൃദയാഘാതം മൂലം ഉണ്ടാകുന്ന മരണനിരക്ക് 6 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.
Story Highlights : v d satheeshan against veena george