ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു. പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനമാണ് ഇത്. ഇസ്ലാമിന്റെ കരുണയും മനുഷ്യസ്നേഹവും ഉയർത്തിപ്പിടിക്കുന്ന ദിനമായാണ് നബിദിനം കൊണ്ടാടുന്നത്.
റബീഉൽ അവ്വൽ 12നാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജനനം. ഈ ദിവസം, വിശ്വാസികൾ പള്ളികളിലും മദ്രസകളിലും മൗലിദ് പാരായണം നടത്തുകയും ഘോഷയാത്രകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. പ്രവാചകന്റെ 1500-ാമത് നബിദിനമാണ് ഇന്ന്.
ചെറുപ്പം മുതൽ അനാഥനായി വളർന്ന മുഹമ്മദ് നബിക്ക് 40-ാം വയസ്സിലാണ് പ്രവാചകത്വം ലഭിച്ചത്. നബി സന്ദേശമായ സഹിഷ്ണുതയും മനുഷ്യ സ്നേഹവുമാണ് ഈ പരിപാടികളിലൂടെ സമൂഹത്തിൽ പകരുന്നത്.
മദ്രസകൾ കേന്ദ്രീകരിച്ച് കുട്ടികൾക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിക്കും. റബീഉൽ അവ്വൽ ഒന്നിന് ആരംഭിച്ച മൗലിദ് പാരായണങ്ങൾക്ക് നബിദിനത്തോടെ സമാപനമാകും. പ്രവാചകന്റെ ഉപദേശങ്ങളും ജീവിത മാതൃകകളും അനുസ്മരിച്ച് മതപണ്ഡിതരുടെ ഉദ്ബോധനവും ഉണ്ടാകും.
ജാതിമത ഭേദമന്യേ അന്നദാനം നടത്തുന്നത് നബിദിനത്തിന്റെ ഒരു പ്രധാന ഭാഗമാണ്.
ഇസ്ലാമിന്റെ പ്രവാചകനായ മുഹമ്മദ് നബിയുടെ ഓർമ പുതുക്കുന്ന ഈ ദിനം, അദ്ദേഹത്തിന്റെ സന്ദേശങ്ങളെയും ജീവിതത്തെയും പിന്തുടരാൻ വിശ്വാസികൾക്ക് പ്രചോദനം നൽകുന്നു.
Story Highlights: Prophet Muhammad’s birth anniversary is celebrated by Muslims as Nabidinam, emphasizing Islamic compassion and humanity.