ഗൂഗിൾ ട്രാൻസ്ലേറ്റിൽ രണ്ട് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. തത്സമയ സംഭാഷണത്തിനും ഭാഷാ പഠനത്തിനും സഹായകമാകുന്ന ഫീച്ചറുകളാണ് ഗൂഗിൾ അവതരിപ്പിച്ചത്. ജെമിനി മോഡലിൻ്റെ നൂതനമായ ലോജിക്കൽ, മൾട്ടിമോഡൽ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് പുതിയ ഫീച്ചറുകൾ പുറത്തിറക്കിയിരിക്കുന്നത്.
പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു കൊണ്ട് ഗൂഗിൾ ട്രാൻസ്ലേറ്റ് ആപ്പ് ഇനി തത്സമയ സംഭാഷണങ്ങൾ തർജ്ജമ ചെയ്യും. ഈ ഫീച്ചറുകൾ മെച്ചപ്പെട്ട രീതിയിൽ ശബ്ദങ്ങൾ തിരിച്ചറിഞ്ഞ് തത്സമയം വിവർത്തനം ചെയ്യാൻ സഹായിക്കുന്നു. ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി പരിശീലന സെഷനുകളും ഇതിലൂടെ നൽകാനാകും.
ഗൂഗിൾ ട്രാൻസ്ലേറ്റിലെ പുതിയ ഫീച്ചറായ ഭാഷാ പരിശീലനം ഉപയോക്താക്കൾക്ക് അവരുടെ ആശയവിനിമയ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്. ഉപയോക്താക്കളുടെ കഴിവിനനുസരിച്ച് ലിസണിംഗ്, സ്പീക്കിംഗ് പ്രാക്ടീസ് സെഷനുകൾ തത്സമയം നൽകുന്നു എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഈ പരിശീലനങ്ങൾ ഭാഷാ പഠനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
ട്രാൻസ്ലേറ്റ് ആപ്പിൽ ഓഡിയോ, ഓൺ-സ്ക്രീൻ വിവർത്തനങ്ങൾ ഉപയോഗിച്ച് തത്സമയം സംഭാഷണങ്ങൾ നടത്താൻ കഴിയും. ഈ ഫീച്ചർ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് തത്സമയ വിവർത്തനത്തിനായി ആവശ്യമുള്ള രണ്ട് ഭാഷകൾക്കിടയിൽ എളുപ്പത്തിൽ മാറാൻ സാധിക്കുന്നതാണ്. “പുതിയ ഫീച്ചർ ഈ ആഴ്ച പുറത്തിറങ്ങും. ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് സ്പാനിഷ്, ഫ്രഞ്ച് ഭാഷകൾ പരിശീലിക്കുന്നതിനും, സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ് സംസാരിക്കുന്നവർക്ക് ഇംഗ്ലീഷ് പരിശീലിക്കുന്നതിനും ഇത് സാധിക്കും.” എന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.
ഹിന്ദി, തമിഴ്, അറബിക്, ഫ്രഞ്ച്, സ്പാനിഷ് ഉൾപ്പെടെ 70-ൽ അധികം ഭാഷകളിൽ ഈ ഫീച്ചർ ലഭ്യമാകും. സംഭാഷണത്തിലെ ഇടവേളകളും ഉച്ചാരണരീതികളും തിരിച്ചറിയാൻ ഈ ഫീച്ചറിന് കഴിയും എന്ന് ഗൂഗിൾ പറയുന്നു. ഇത് ഒരു ടാപ്പിലൂടെ സ്വാഭാവികമായ സംഭാഷണം നടത്താൻ സഹായിക്കുന്നു.
പുതിയ തത്സമയ സംഭാഷണ വിവർത്തന ഫീച്ചർ ഉപയോഗിക്കുന്നതിന് ട്രാൻസ്ലേറ്റ് ആപ്പ് തുറന്ന് “Live translate” എന്നതിൽ ടാപ്പ് ചെയ്യുക. തുടർന്ന് വിവർത്തനം ചെയ്യേണ്ട ഭാഷ തിരഞ്ഞെടുത്ത് സംസാരിച്ചു തുടങ്ങാവുന്നതാണ്. ആപ്പ് വിവർത്തനം ചെയ്തത് ഉച്ചത്തിൽ വായിക്കുകയും സംഭാഷണത്തിന്റെ ട്രാൻസ്ക്രിപ്റ്റ് രണ്ട് ഭാഷകളിലും ഉപകരണത്തിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ഇന്ത്യ, യുഎസ്, മെക്സിക്കോ എന്നിവിടങ്ങളിൽ ലൈവ് ട്രാൻസ്ലേറ്റ് ഫീച്ചർ ലഭ്യമാകും.
കൂടാതെ ഈ പുതിയ ഫീച്ചർ ഉപയോഗിക്കുന്നതിന് ട്രാൻസ്ലേറ്റ് ആപ്പ് തുറന്ന് “practice” ടാപ്പ് ചെയ്യുക. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഭാഷയിൽ ആശയവിനിമയ ശേഷികൾ മെച്ചപ്പെടുത്തുന്നതിനുള്ള സാഹചര്യങ്ങൾ ആപ്പ് നൽകുന്നതായിരിക്കും. ഓരോ സാഹചര്യത്തിലും ഉപയോക്താക്കൾക്ക് സംഭാഷണങ്ങൾ കേൾക്കാനും അവർക്ക് കേൾക്കുന്ന വാക്കുകൾ ടാപ്പ് ചെയ്ത് മനസ്സിലാക്കാനും സാധിക്കുന്നതാണ്. ഇതിലൂടെ സംസാരിച്ചും പരിശീലനം നേടാനാകും. ഈ ഫീച്ചറുകൾ മറ്റൊരു ഭാഷയിൽ ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്താൻ ഉപയോക്താക്കളെ സഹായിക്കും.
Story Highlights: തത്സമയ സംഭാഷണത്തിനും ഭാഷാ പഠനത്തിനുമായി പുതിയ ഫീച്ചറുകളുമായി ഗൂഗിൾ ട്രാൻസ്ലേറ്റ് എത്തി.