ലോകത്ത് ഭീകരവാദവും സ്വേച്ഛാധിപത്യവും പ്രോത്സാഹിപ്പിക്കുന്നത് അമേരിക്കയാണെന്ന് ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ വിമർശനം ഉന്നയിക്കുന്നു. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മിശിഹ എന്ന വ്യാജേന അമേരിക്ക ലോകത്ത് ഭീകരതയെയും സ്വേച്ഛാധിപത്യത്തെയും പ്രോത്സാഹിപ്പിക്കുകയാണെന്ന് മുഖപത്രം കുറ്റപ്പെടുത്തുന്നു. ലോകമെമ്പാടും ജനാധിപത്യം, സ്ഥിരത, സമാധാനം എന്നിവ വ്യാപിക്കുമെന്ന പ്രതീക്ഷകൾക്ക് വിരുദ്ധമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഓർഗനൈസർ എഡിറ്റോറിയലിൽ പറയുന്നു.
അമേരിക്കൻ ഏകധ്രുവ ലോകം അധഃപതനത്തിലേക്ക് നീങ്ങുകയാണെന്ന് ഓർഗനൈസർ വിമർശിച്ചു. ലോക മഹായുദ്ധത്തിനു ശേഷം ലോകമെമ്പാടും ജനാധിപത്യം, സ്ഥിരത, സമാധാനം എന്നിവ വ്യാപിക്കുമെന്ന് കരുതിയിരുന്നു. എന്നാൽ നമ്മൾ കരുതിയതിൽ നിന്നും തികച്ചും വിഭിന്നമായ സാഹചര്യമാണ് ഇപ്പോളുള്ളതെന്നും മുഖപത്രം പറയുന്നു.
ഇന്ത്യക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടെന്നും ഇത് 50 ശതമാനം തീരുവയിലേക്ക് എത്തിച്ചെന്നും പറയുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിന് മറുപടിയായാണ് ഇന്ത്യക്ക് അമേരിക്ക അധിക തീരുവ ചുമത്തിയത്. അധിക തീരുവകളിലൂടെ ഇന്ത്യയെ അടിച്ചമർത്താനാണ് ട്രംപ് ശ്രമിച്ചതെന്നും ഓർഗനൈസർ ചൂണ്ടിക്കാട്ടുന്നു.
സൈനിക ശക്തിയിലും സാമ്പത്തിക ചൂഷണത്തിലും അധിഷ്ഠിതമായ അമേരിക്ക കുത്തകയാക്കി വെച്ചിരുന്ന അനിയന്ത്രിതമായ ലോകക്രമം തകർത്തുകൊണ്ടിരിക്കുകയാണെന്ന് എഡിറ്റോറിയൽ വിമർശിച്ചു. ലോക യുദ്ധങ്ങൾക്കും അനാവശ്യമായ താരിഫ് പോലുള്ള കാര്യങ്ങൾക്കും നമ്മൾ സാക്ഷ്യം വഹിക്കുകയാണ്. വ്യാപാര യുദ്ധങ്ങളും താരിഫുകളും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്തുന്നതിനുള്ള പുതിയ ഉപകരണങ്ങളാണ് എന്നും വിമർശനമുണ്ട്.
സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മിശിഹ എന്ന് സ്വയം അവകാശപ്പെടുന്ന അമേരിക്ക തീവ്രവാദത്തെയും സ്വേച്ഛാധിപത്യത്തെയും പ്രോത്സാഹിപ്പിക്കുകയാണെന്നും ഓർഗനൈസർ വിമർശിച്ചു. ഐക്യരാഷ്ട്രസഭ, ലോക വ്യാപാര സംഘടന തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങൾ അപ്രസക്തവും കാര്യക്ഷമവുമല്ലെന്നും ആർ.എസ്.എസ് മുഖപത്രം വിമർശിച്ചു.
അമേരിക്കയുടെ പ്രവർത്തനങ്ങൾ ലോകക്രമത്തെ തകർക്കുന്ന രീതിയിലാണെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു. ലോകത്ത് ഭീകരവാദവും സ്വേച്ഛാധിപത്യവും പ്രോത്സാഹിപ്പിക്കുന്നത് അമേരിക്കയാണെന്ന് ആർഎസ്എസ് മുഖപത്രം ഓർഗനൈസർ വിമർശിച്ചു.
Story Highlights : RSS Newspaper against donald trump