ബംഗളൂരു◾: കർണാടക മുൻ മന്ത്രി കെ.എൻ. രാജണ്ണ തൻ്റെ രാജിക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് വെളിപ്പെടുത്തി. ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് തെറ്റിദ്ധാരണ തിരുത്തുമെന്നും രാജണ്ണ കൂട്ടിച്ചേർത്തു.
കർണാടക കോൺഗ്രസിനുള്ളിലെ പോരാണ് രാജണ്ണയുടെ പെട്ടെന്നുള്ള രാജിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. സിദ്ധരാമയ്യ പക്ഷക്കാരനായ രാജണ്ണ, ഡി.കെ. ശിവകുമാറിൻ്റെ കടുത്ത വിമർശകനാണ്. മുൻ മന്ത്രിയെന്ന് വിളിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നും പാർട്ടിയോട് വിധേയപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പുറത്തുവിട്ട രേഖകൾ പ്രകാരം 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ഒരു ലക്ഷം കള്ളവോട്ട് നടന്നതായി ആരോപിച്ചിരുന്നു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോഗം ചെയ്യുകയും ഏകദേശം 3.25 ലക്ഷം വോട്ടർമാർ മാത്രമുള്ള മഹാദേവപുര മണ്ഡലത്തിൽ 1,00,250 വോട്ടുകൾ നിയമവിരുദ്ധമായി നേടി സീറ്റ് നേടുകയും ചെയ്തുവെന്നായിരുന്നു ആരോപണം. 28 ലോക്സഭാ മണ്ഡലങ്ങളുള്ള കർണാടകയിൽ 16 സീറ്റ് പ്രതീക്ഷിച്ചിരുന്ന കോൺഗ്രസിന് ഒമ്പത് സീറ്റിൽ ഒതുങ്ങേണ്ടി വന്നു.
രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് കൊള്ള ആരോപണത്തെ തള്ളി പ്രസ്താവന നടത്തിയതിന് പിന്നാലെ ഹൈക്കമാൻഡ് നിർദ്ദേശപ്രകാരമായിരുന്നു രാജണ്ണയുടെ രാജി. മികച്ച ഭൂരിപക്ഷം പ്രതീക്ഷിച്ച പല മണ്ഡലത്തിലും ബിജെപിക്ക് മെച്ചപ്പെട്ട വോട്ട് ലഭിക്കുകയും ചെയ്തു.
Story Highlights : KN Rajanna react resignation Karnataka
Story Highlights: കെ.എൻ. രാജണ്ണയുടെ രാജിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപണം.