കന്യാസ്ത്രീകളെ വലിച്ചിഴക്കുന്നത് തീവ്രവാദികൾ പോകേണ്ട കോടതിയിലേക്കാണെന്ന് സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം ആരോപിച്ചു. കേസ് പൂർണമായി റദ്ദ് ചെയ്യണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും കുടുംബം പറയുന്നു. ലഭിച്ച ജാമ്യം ഒരു താൽക്കാലിക ആശ്വാസം മാത്രമാണെന്നും രാജ്യം ജോലി ചെയ്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണോ എന്നും കുടുംബം ചോദിക്കുന്നു.
കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്ന കാര്യം വിശദമായ കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കുമെന്ന് കത്തോലിക്ക സഭ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സഭ നിയമ വിദഗ്ധരുമായി ചർച്ചകൾ നടത്തും. സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം ട്വന്റിഫോറിനോടാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. പാവപ്പെട്ട കന്യാസ്ത്രീകൾക്ക് കർശന വ്യവസ്ഥകളാണ് കോടതി മുന്നോട്ട് വെച്ചിരിക്കുന്നതെന്നും കുടുംബം കൂട്ടിച്ചേർത്തു.
ജാമ്യത്തിൽ ഇറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയിൽ ഡൽഹി രാജറായിലെ മഠത്തിൽ എത്തിച്ചിട്ടുണ്ട്. ഇവിടെവെച്ചായിരിക്കും കന്യാസ്ത്രീകളുടെ തുടർന്നുള്ള ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടക്കുക. ബജ്റംഗ്ദളിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് കന്യാസ്ത്രീകൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും ഇത് എവിടെ നടക്കുന്ന കാര്യമാണെന്നും സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം ചോദിച്ചു.
ഒരുപാട് നാളുകൾ ഈ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ കയറി ഇറങ്ങേണ്ടി വരുമെന്നും കുടുംബം ആശങ്കപ്പെടുന്നു. അതേസമയം കേസ് തള്ളിപ്പോകുമെന്ന് വിശ്വസിക്കുന്നതായും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. ഇതിനെതിരെ നിരവധി രാഷ്ട്രീയ നേതാക്കളും രംഗത്ത് വന്നിരുന്നു.
കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്നതാണ്.
Story Highlights: Sister Preeti Mary’s family claims nuns are being dragged to the court where terrorists should go, expresses concern over the case, and questions the state of the country.