സംസ്ഥാനത്ത് ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിനേഷൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം സംസ്ഥാനം സുപ്രധാന തീരുമാനമെടുത്തെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന കാൻസറുകളിലൊന്നാണ് ഗർഭാശയഗള കാൻസർ. ഒരാഴ്ചയ്ക്കകം ടെക്നിക്കൽ കമ്മിറ്റി യോഗം ചേർന്ന് വാക്സിന് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
ഗർഭാശയഗള കാൻസർ മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാനായി സംസ്ഥാനം വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി എച്ച്പിവി വാക്സിനേഷനെക്കുറിച്ച് അവബോധം നൽകുന്ന ക്യാമ്പയിനുകൾ സംഘടിപ്പിക്കും. പ്ലസ് വൺ, പ്ലസ് ടു തലത്തിലെ കുട്ടികളായതിനാൽ സ്കൂൾ തലത്തിൽ പ്രത്യേക അവബോധം നൽകുന്നതാണ്. ടെക്നിക്കൽ കമ്മിറ്റിയുടെ മാർഗ്ഗനിർദ്ദേശമനുസരിച്ചായിരിക്കും അവബോധ സന്ദേശങ്ങൾ തയ്യാറാക്കുക.
രോഗപ്രതിരോധത്തിന് വാക്സിൻ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 9 മുതൽ 14 വയസ്സുവരെയാണ് എച്ച്പിവി വാക്സിന് ഏറ്റവും ഫലപ്രദം. അതേസമയം 26 വയസ്സുവരെ എച്ച്പിവി വാക്സിൻ നൽകാവുന്നതാണ്. ഇതോടൊപ്പം രക്ഷകർത്താക്കൾക്കും അവബോധം നൽകുന്നതാണ്.
കാൻസർ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. കാൻസർ കെയർ ഗ്രിഡ് രൂപീകരിച്ച് രോഗനിർണയവും ചികിത്സയും ഏകോപിപ്പിച്ചു. കാൻസർ പ്രതിരോധത്തിന്റെ ഭാഗമായി ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിൻ ആരംഭിച്ചു.
17 ലക്ഷത്തിലധികം പേർ സ്ക്രീനിംഗ് നടത്തിയെന്നും മന്ത്രി അറിയിച്ചു. ക്യാമ്പയിൻ കൂടുതൽ ശക്തിപ്പെടുത്താൻ മന്ത്രി നിർദ്ദേശം നൽകി.
Story Highlights: Kerala to start HPV vaccination for plus one and plus two girl students to prevent cervical cancer.