തിരുവനന്തപുരം◾: ഈ വർഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്ന് മുതൽ ഒമ്പത് വരെ നടത്താൻ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഓണാഘോഷം വിപുലവും ആകർഷകവുമാക്കുന്നതിന് വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.
സെപ്റ്റംബർ ഒമ്പതിന് തിരുവനന്തപുരത്ത് നടക്കുന്ന ഘോഷയാത്രയോടെ സംസ്ഥാനതല ഓണാഘോഷത്തിന് സമാപനം കുറിക്കും. ജില്ലാതലത്തിൽ ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ വിവിധ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും. കൺസ്യൂമർഫെഡ് വഴിയും പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയും പച്ചക്കറിയും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഓണത്തിന് ആവശ്യമായ എല്ലാ ഉത്പന്നങ്ങളും അടങ്ങിയ കിറ്റുകൾ നേരിട്ടും ഓൺലൈൻ വഴിയും ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സപ്ലൈകോ ഓണചന്തകൾ, ജില്ലാ, താലൂക്ക്, മണ്ഡലം കേന്ദ്രങ്ങളിൽ ആരംഭിക്കും. ഹോർട്ടികോർപ്പിന്റെ പച്ചക്കറി ചന്തകളും കൃഷി വകുപ്പിൻ്റെ നേതൃത്വത്തിലുള്ള മറ്റ് സംവിധാനങ്ങളും കൂടുതൽ സജീവമാക്കുകയും കൂടുതൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുകയും ചെയ്യും.
തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് വരെയുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിക്കുന്നതാണ്. കൂടാതെ വൈദ്യുത ദീപാലങ്കാരം കൂടുതൽ ആകർഷകമാക്കും. പരിപാടികൾ ഹരിത ചട്ടം പാലിച്ചുകൊണ്ട് “ഹരിത ഓണം” എന്ന രീതിയിൽ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. സാംസ്കാരിക മേഖലയിലെ സ്ഥാപനങ്ങൾ വഴി വിവിധ കൾച്ചറൽ പ്രോഗ്രാമുകൾ സംഘടിപ്പിക്കും.
കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലാ, സി.ഡി.എസ്, എ.ഡി.എസ് തലങ്ങളിൽ ഓണം മേളകൾ സംഘടിപ്പിക്കും. ഓണത്തിനു മുൻപ് കുടുംബശ്രീ മുഖേനയുള്ള പച്ചക്കറി, പൂ കൃഷി വിളവെടുപ്പ് നടത്തും. കൂടുതൽ പ്രാഥമിക സംഘങ്ങൾ പച്ചക്കറി കൃഷി ചെയ്ത് ഓണം വിപണിയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ വള്ളങ്ങൾ ഉൾപ്പെടെയുള്ള ആകർഷകമായ പരിപാടികൾ സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ട്.
story_highlight: 2024-ലെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 3 മുതൽ 9 വരെ നടത്താൻ തീരുമാനം.