ജെ.എസ്.കെ സിനിമ 17-ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ പേര് മാറ്റിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തടസ്സങ്ങൾ നീങ്ങിയതിനെ തുടർന്ന് സിനിമയുടെ റിലീസ് തീയതി അണിയറ പ്രവർത്തകർ അറിയിച്ചു. സംവിധായകൻ ഉൾപ്പെടെയുള്ളവർ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് റിലീസ് വിവരം അറിയിച്ചത്.
ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പുതിയ ടൈറ്റിലോടെയാണ് സിനിമയുടെ പ്രധാന മാറ്റം വരുത്തിയിരിക്കുന്നത്. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടിൽ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. സിനിമയ്ക്ക് കഴിഞ്ഞദിവസം സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചിരുന്നു.
സെൻസർ ബോർഡ് ആവശ്യപ്പെട്ടതുപോലുള്ള മാറ്റങ്ങൾ വരുത്തിയുള്ള പുതിയ പതിപ്പാണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. കോടതി വിചാരണ രംഗത്തിൽ ആറിടത്ത് പേര് മ്യൂട്ട് ചെയ്തിട്ടുണ്ട്. പേര് മാറ്റണമെന്നും 96 ഇടങ്ങളിൽ കട്ട് ചെയ്യണമെന്നും ആദ്യം സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പിന്നീട് നിലപാട് മയപ്പെടുത്തി പേരിനൊപ്പം ഇനീഷ്യൽ ചേർക്കുകയും കോടതി രംഗങ്ങളിൽ പേര് മ്യൂട്ട് ചെയ്യണമെന്നും സെൻസർ ബോർഡ് ഹൈക്കോടതിയിൽ അറിയിക്കുകയായിരുന്നു. ഈ നിർദ്ദേശം നിർമ്മാതാക്കളും അംഗീകരിച്ചതോടെ പ്രശ്നങ്ങൾ താൽക്കാലികമായി അവസാനിച്ചു. റീ എഡിറ്റ് ചെയ്ത പതിപ്പാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
ജൂൺ 27-നാണ് ചിത്രത്തിന്റെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ പേര് ഹിന്ദു ദൈവത്തിന്റേതാണെന്നും അത് മാറ്റാതെ അനുമതി നൽകാനാവില്ലെന്നും സെൻസർ ബോർഡ് നിലപാടെടുത്തതോടെ റിലീസ് മാറ്റിവെക്കുകയായിരുന്നു. പിന്നീട് ചിത്രത്തിന്റെ നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.
ഹിന്ദു ദൈവത്തിന്റെ പേര് ഉപയോഗിക്കുന്നത് അവഹേളനമാണെന്നും മതങ്ങൾ തമ്മിലുള്ള സ്പർദ്ധക്ക് കാരണമാകുമെന്നുമായിരുന്നു സെൻസർ ബോർഡ് വാദം. പേരിനൊപ്പം ഇനീഷ്യൽ ചേർക്കാനും കോടതി രംഗങ്ങളിൽ ചില ഭാഗങ്ങൾ മ്യൂട്ട് ചെയ്യാനും ഹൈക്കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് സിനിമയുടെ അണിയറ പ്രവർത്തകർ ഈ നിർദ്ദേശങ്ങൾ അംഗീകരിക്കുകയായിരുന്നു.
Story Highlights: പേര് മാറ്റിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തടസ്സങ്ങൾ നീങ്ങിയതിനെ തുടർന്ന് ജെ.എസ്.കെ സിനിമ 17-ന് റിലീസ് ചെയ്യും.