പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ഞായറാഴ്ച രാവിലെ ജൂബിലി ഹിൽസിലെ ഫിലിംനഗറിലുള്ള വീട്ടിലായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖബാധിതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിര്യാണത്തിൽ സിനിമാ ലോകത്ത് അനുശോചനം അറിയിക്കുകയാണ്.
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 750-ൽ അധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കോട്ട ശ്രീനിവാസ റാവു 1942 ജൂലായ് 10-ന് വിജയവാഡയിലാണ് ജനിച്ചത്. വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധേയനായത്. അഭിനയത്തോടുള്ള ഇഷ്ടം കാരണം ഡോക്ടറാകാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചില്ല.
1999 മുതൽ 2004 വരെ ആന്ധ്രപ്രദേശിലെ വിജയവാഡ ഈസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു കോട്ട ശ്രീനിവാസ റാവു. ബിജെപി ടിക്കറ്റിലാണ് അദ്ദേഹം അവിടെ മത്സരിച്ചത്. സയൻസിൽ ബിരുദം നേടിയ ശേഷം കോളേജ് കാലത്ത് നാടകങ്ങളിൽ അഭിനയിച്ചിരുന്നു. സിനിമയിലെത്തുന്നതിന് മുമ്പ് അദ്ദേഹം സ്റ്റേറ്റ് ബാങ്കിലെ ജീവനക്കാരനായിരുന്നു.
അദ്ദേഹം ആദ്യമായി അഭിനയിച്ചത് 1978-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘പ്രാണം ഖരീദു’വിലാണ്. പിന്നീട് ടോളിവുഡിലെ ഒട്ടുമിക്ക പ്രധാന താരങ്ങൾക്കൊപ്പവും അഭിനയിച്ചു. 2015-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.
സാമി, തിരുപ്പാച്ചി, കൊ തുടങ്ങിയ തമിഴിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രീനിവാസ റാവുവിനെ മലയാളികൾ ഉൾപ്പെടെയുള്ള തെന്നിന്ത്യക്കാർക്ക് സുപരിചിതനാക്കിയത്. 30-ൽ അധികം തമിഴ് സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ജയരാജ് സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ‘ദി ട്രെയിൻ’ എന്ന ചിത്രത്തിലാണ് കോട്ട ശ്രീനിവാസ റാവു മലയാളത്തിൽ അഭിനയിച്ചത്, അതിൽ മമ്മൂട്ടി ആയിരുന്നു നായകൻ. ഗായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.
Story Highlights: പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു.