മുംബൈ◾: മുംബൈയിൽ എംഎൽഎ ഹോസ്റ്റലിലെ കാന്റീൻ ജീവനക്കാരനെ മർദിച്ച സംഭവത്തിന് പിന്നാലെ ദക്ഷിണേന്ത്യക്കാർക്കെതിരെ വിദ്വേഷ പരാമർശവുമായി എംഎൽഎ സഞ്ജയ് ഗെയ്ഗ്വാദ് രംഗത്ത്. മുംബൈ നഗരത്തെ നശിപ്പിക്കുന്നത് ദക്ഷിണേന്ത്യക്കാരാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അതേസമയം, മർദനമേറ്റ കാന്റീൻ നടത്തിപ്പുകാരുടെ ലൈസൻസ് ഭക്ഷ്യ വകുപ്പ് റദ്ദാക്കിയിട്ടുണ്ട്.
മോശം ഭക്ഷണം നൽകിയെന്ന് ആരോപിച്ചായിരുന്നു എംഎൽഎ ഹോസ്റ്റൽ കാന്റീൻ ജീവനക്കാരനെ സഞ്ജയ് ഗെയ്ഗ്വാദ് മർദിച്ചത്. തോർത്തുമുണ്ടുടുത്ത് എത്തിയ എംഎൽഎയും കൂട്ടാളികളും ചേർന്ന് ജീവനക്കാരനെ ക്രൂരമായി മർദിച്ചു. ഈ സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ എംഎൽഎയുടെ നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നു. മുംബൈയിലെ ഡാൻസ് ബാറുകൾ അടക്കം നടത്തുന്നത് ദക്ഷിണേന്ത്യക്കാരാണെന്നും സഞ്ജയ് ഗെയ്ഗ്വാദ് ആരോപിച്ചു.
എന്നാൽ, ചെയ്ത പ്രവർത്തി ശരിയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സഞ്ജയ് ഗെയ്ഗ്വാദ്. നല്ല ഭക്ഷണം നൽകാൻ അറിയില്ലെന്നും ഹോട്ടൽ നടത്തിപ്പുകാരൻ ദക്ഷിണേന്ത്യക്കാരനായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇനിയും മോശം ഭക്ഷണം നൽകിയാൽ മർദിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. അതേസമയം, കാന്റീൻ ജീവനക്കാരനെ മർദിച്ച സംഭവം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തള്ളിപ്പറഞ്ഞു.
അതേസമയം, സഞ്ജയ് ഗെയ്ഗ്വാദിന്റെ വിദ്വേഷ പരാമർശത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. ശിവസേന ഷിൻഡെ വിഭാഗം നേതാവാണ് ബുൽധാനയിൽ നിന്നുള്ള എംഎൽഎയായ സഞ്ജയ് ഗെയ്ഗ്വാദ്. രാഹുൽ ഗാന്ധിയുടെ നാവ് പിഴുതെടുക്കുന്നവർക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതും വിവാദമായിരുന്നു.
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്തതിനെ തുടർന്നാണ് കാന്റീൻ നടത്തിപ്പുകാരുടെ ലൈസൻസ് റദ്ദാക്കിയതെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു. എന്നാൽ, കാന്റീൻ ജീവനക്കാരനെ മർദ്ദിച്ച എംഎൽഎക്കെതിരെ ഇതുവരെയും പോലീസ് കേസെടുത്തിട്ടില്ല.
Story Highlights : ‘South Indians run dance bars’, sanjay gaikwad MLA
Story Highlights: മുംബൈയിൽ കാന്റീൻ ജീവനക്കാരനെ മർദിച്ച ശേഷം ദക്ഷിണേന്ത്യക്കാർക്കെതിരെ വിദ്വേഷ പരാമർശവുമായി എംഎൽഎ സഞ്ജയ് ഗെയ്ഗ്വാദ് രംഗത്ത്.