സംഗറെഡ്ഡി (തെലങ്കാന)◾: തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 30 കടന്നു. സംഗറെഡ്ഡി ജില്ലയിലെ സിഗാച്ചി ഫാർമ കമ്പനിയിലാണ് അപകടം നടന്നത്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.
സ്ഥലത്ത് ഇപ്പോളും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത തൊഴിലാളികൾ അറിയിച്ചു. ഇന്നലെ പുലർച്ചെയാണ് സ്ഫോടനം ഉണ്ടായത്. അപകടത്തെ തുടർന്ന് 11 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. അഗ്നിരക്ഷാ സേനയും ദേശീയ ദുരന്തനിവാരണ സേനയും പോലീസും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
സിഗാച്ചി ഫാർമ കമ്പനിയിലെ റിയാക്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ഫോടനത്തിന് ശേഷം ഫാക്ടറിയിൽ വലിയ രീതിയിൽ തീ പടർന്നുപിടിച്ചു. അപകടത്തിൽ മരിച്ചവരെല്ലാം തന്നെ ഫാക്ടറിയിലെ ജീവനക്കാരാണ്.
തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ പസമൈലാരം ഫേസ് 1 പ്രദേശത്തുള്ള സിഗാച്ചി ഫാർമ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ ഇന്നലെ 13 പേർ മരണപ്പെട്ടിരുന്നു. 150 ഓളം തൊഴിലാളികൾ അപകടം നടക്കുമ്പോൾ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്നും അതിൽ 90 പേർ സ്ഫോടനമുണ്ടായ സ്ഥലത്തിന് അടുത്താണ് ജോലി ചെയ്തിരുന്നത് എന്നുമാണ് വിവരം. അഞ്ച് പേർ സംഭവസ്ഥലത്തും ബാക്കിയുള്ളവർ ആശുപത്രിയിലുമാണ് മരിച്ചത്.
ഫാക്ടറിയിൽ സ്ഫോടനമുണ്ടായതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുകയാണ്. റിയാക്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നും പറയപ്പെടുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് അറിയിക്കാമെന്ന് അധികൃതർ അറിയിച്ചു.
Story Highlights : explosion in chemical factory telegana
Story Highlights: തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണം 30 കടന്നു.