ഇസ്രായേലിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ സിന്ധു വിപുലീകരിച്ച് വിദേശകാര്യ മന്ത്രാലയം. ഇസ്രായേലിൽ നിന്ന് താൽപ്പര്യമുള്ളവരെ കരമാർഗവും, വ്യോമമാർഗവും ഒഴിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഇതിനായുള്ള ഏകോപന പ്രവർത്തനങ്ങൾ ഇന്ത്യൻ എംബസി വഴി നടത്തും.
ആദ്യഘട്ടത്തിൽ, ഇസ്രായേൽ വിടാൻ ആഗ്രഹിക്കുന്നവർ ടെൽ അവീവിലെ ഇന്ത്യൻ എംബസി നൽകിയിട്ടുള്ള ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. തുടർന്ന് ഇവരെ കരമാർഗ്ഗമോ വ്യോമമാർഗ്ഗമോ ഇന്ത്യയിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യും. ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ എത്തിച്ച ശേഷം ഇവരെ നാട്ടിലേക്ക് കൊണ്ടുവരാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
ഇതിനിടെ ഇറാനിലെ ടെഹ്റാനിൽ നിന്ന് ക്വോമിലേക്ക് മാറ്റിയ 600 ഇന്ത്യൻ വിദ്യാർത്ഥികളെയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികളെ മഷ്ഹദിൽ എത്തിച്ചിട്ടുണ്ട്. തുർക്ക്മെനിസ്ഥാൻ വഴി ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് പദ്ധതി.
അതേസമയം, ഇറാനിൽ നിന്ന് ഒഴിപ്പിച്ച ആദ്യ ബാച്ച് വിദ്യാർത്ഥികൾ ഇന്ത്യയിൽ തിരിച്ചെത്തി. 110 ഇന്ത്യൻ വിദ്യാർത്ഥികളുമായി ഇൻഡിഗോ വിമാനം അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽ നിന്നാണ് എത്തിയത്. ഇവരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു.
യെരേവാനിൽ നിന്നും എത്തിയ 110 പേരിൽ 90 പേർ ജമ്മു കശ്മീർ സ്വദേശികളാണ്. ബാക്കിയുള്ള 20 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ആദ്യ സംഘത്തിൽ മലയാളികൾ ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
ടെഹ്റാനിൽ നിന്നും 12 മലയാളി വിദ്യാർത്ഥികൾ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവർ അടുത്ത ദിവസങ്ങളിൽ നാട്ടിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെ കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്.
Story Highlights: വിദേശകാര്യ മന്ത്രാലയം ഓപ്പറേഷൻ സിന്ധു ഇസ്രായേലിലേക്കും വ്യാപിപ്പിക്കുന്നു.
					
    
    
    
    
    
    
    
    
    
    









