**Kozhikode◾:** കോഴിക്കോട്ടെ തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ ഈ നടപടി. സംഭവത്തിൽ ഫയർഫോഴ്സിന്റെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്.
തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. അതേസമയം, തീപിടുത്തത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ ഫയർ ഓഫീസർ അഷറഫ് അലി അറിയിച്ചു. രക്ഷാ ദൗത്യത്തിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു.
പുതിയ ബസ് സ്റ്റാൻഡിൽ തീപിടിത്തമുണ്ടായ ഭാഗത്ത് നിലവിൽ ഗതാഗത നിയന്ത്രണമുണ്ട്. എന്നാൽ, സ്റ്റാൻഡിൽ നിന്നുള്ള ബസ് ഗതാഗതത്തിന് പൂർണ്ണ നിയന്ത്രണമില്ല. കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടുത്തം വലിയ അപകടം ഉണ്ടാക്കാത്തത് രക്ഷാപ്രവർത്തനത്തിന്റെ വിജയമാണ് തെളിയിക്കുന്നത്.
തീപിടിത്തത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഫയർഫോഴ്സ് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണ റിപ്പോർട്ട് ഫയർ ഡിപ്പാർട്ട്മെന്റിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്കും കൈമാറും. ഏകദേശം പത്ത് മണിക്കൂറോളം എടുത്താണ് അഗ്നിശമന സേന തീ പൂർണ്ണമായും അണച്ചത്.
വൈകിട്ട് 4.50നാണ് തീപിടുത്തം ഉണ്ടായത്. ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയ്ക്കാണ് ആദ്യം തീപിടിച്ചത്. പിന്നീട്, തീ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
തീപിടിത്തത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിക്കും.
Story Highlights: Chief Secretary has sought a report from the District Collector regarding the fire incident in Kozhikode.