ബോണക്കാട്(തിരുവനന്തപുരം)◾ പരുത്തിപ്പള്ളി വനം റേഞ്ച് ബോണക്കാട് പാണ്ടിപ്പത്തിനു സമീപം ഉൾ വനത്തിൽ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പ്രസവിച്ചിട്ട് മണിക്കൂറുകൾ മാത്രമായ ആനയെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ആന ചരിഞ്ഞെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം വന മേഖലയിൽ പതിവ് പരിശോധന നടത്തിയ വനം വകുപ്പ് വാച്ചർമാരാണ് ആദ്യം കുട്ടിയാനയെ കണ്ടത്.
ഇക്കാര്യം വാച്ചർമാർ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ നിന്നും സർജൻ സ്ഥലത്തെത്തി പോസ്റ്റ് മോർട്ടം നടത്തി. മാസം തികയാതെ പ്രസവിച്ചതാണ് മരണ കാരണമെന്നാണ് സർജൻ നൽകുന്ന സൂചന. അമ്മയാന കുട്ടി ചരിഞ്ഞെന്ന് ഉറപ്പാക്കിയ ശേഷം ജഡം ഉപേക്ഷിച്ചു മടങ്ങിയതായാണ് നിഗമനം ജഡം ഉൾ വനത്തിൽ തന്നെ സംസ്കരിച്ചു.
പ്രസവത്തിനു പിന്നാലെ കുട്ടിയാന ചരിയുന്ന സംഭവം അപൂർവമാണ്. ജില്ലയിൽ അത്തരത്തിൽ നാമ മാത്രമായ സംഭവങ്ങൾ മാത്രമേ നാളിതു വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. കുട്ടിയുടെ അമ്മയാനയെ കണ്ടെത്താൻ വനം വകുപ്പ് ശ്രമിക്കുന്നുണ്ട്. അമ്മയാനയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.
Story Highlights: A newborn baby elephant was found dead in the Bonacaud forest range in Thiruvananthapuram district.