പിഎസ്ജി ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ആഴ്സണലിനെ തോൽപ്പിച്ചു. ആഴ്സണലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജിയുടെ വിജയം. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ഔസ്മാൻ ഡെമ്പാലയാണ് പിഎസ്ജിയ്ക്കുവേണ്ടി ആദ്യ ഗോൾ നേടിയത്.
വിങ്ങർ ക്വച്ച ക്വാറട്സ്കേലിയ ഇടതു വിങ്ങിൽ നിന്ന് മുന്നേറി നീട്ടിനൽകിയ പന്ത് ഡെമ്പാല തന്റെ കാലിലേക്കെത്തിച്ച് ഇടംകാലൻ ഷോട്ടിലൂടെ വലകുലുക്കി. ആഴ്സണൽ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും പിഎസ്ജിയുടെ പ്രതിരോധനിര അവരുടെ ശ്രമങ്ങളെ വിഫലമാക്കി. ആദ്യ പകുതിയിൽ ഇരു ടീമുകളും മറ്റു ഗോളുകൾ നേടിയില്ല.
രണ്ടാം പകുതിയിലും ആഴ്സണൽ ആക്രമണങ്ങൾ ശക്തമാക്കി. എന്നാൽ പിഎസ്ജി പ്രതിരോധം ഇളകിയില്ല. മികേൽ മെറിനോ ഡെക്ലൻ റൈസിന്റെ ഫ്രീകിക്കിൽ നിന്ന് ഒരു ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് ആയതിനാൽ അത് അനുവദിച്ചില്ല. ഈ ജയത്തോടെ പിഎസ്ജി ഫൈനലിലേക്കുള്ള പ്രതീക്ഷകൾ സജീവമാക്കി.
ഇന്ന് നടക്കുന്ന മറ്റൊരു സെമി ഫൈനലിൽ ബാഴ്സലോണയും ഇന്റർമിലാനും ഏറ്റുമുട്ടും. സ്വന്തം തട്ടകത്തിൽ കളിക്കാനിറങ്ങുന്ന ബാഴ്സലോണ സ്പാനിഷ് കോപ്പ ഡെൽ റേ ഫൈനലിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ചതിന്റെ ആവേശത്തിലാണ്.
Story Highlights: PSG defeated Arsenal 1-0 in the first leg of the Champions League semi-final.