പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ന് കേന്ദ്ര മന്ത്രിസഭാ സമിതിയുടെ നിർണായക യോഗം ചേരും. രാവിലെ 11 മണിക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. യോഗത്തിൽ സുരക്ഷാ കാര്യങ്ങൾ വിലയിരുത്തും. പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമ മേഖലയിലേക്ക് പ്രവേശനാനുമതി നിഷേധിക്കാനും സാധ്യതയുണ്ട്.
പഹൽഗാം ആക്രമണത്തിനു ശേഷമുള്ള രണ്ടാമത്തെ യോഗമാണ് ഇന്ന് ചേരുന്നത്. പാകിസ്താന് തിരിച്ചടി നൽകാൻ സേനകൾക്ക് പൂർണ്ണ സ്വാതന്ത്യം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഇന്നലെ നടന്ന യോഗത്തിൽ വ്യക്തമാക്കി. തിരിച്ചടി എവിടെ, എപ്പോൾ, എങ്ങനെ എന്നത് സേനയ്ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ ഇന്ന് ഒരു വാർത്താസമ്മേളനം നടത്തി പാകിസ്താനെതിരായ അടുത്ത നടപടികളെക്കുറിച്ച് വിശദീകരിച്ചേക്കും. അതിർത്തിയിലടക്കം പ്രകോപനം തുടരുന്ന പാക്കിസ്ഥാനെതിരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്. ഇന്ത്യൻ തുറമുഖങ്ങളിൽ പാക് കപ്പലുകൾക്ക് നിരോധനവും ഏർപ്പെടുത്തിയേക്കും.
ജമ്മു കാശ്മീരിലെ കുപ്വാരയിലും ബാരമുള്ളയിലും രാജ്യാന്തര അതിർത്തിയോട് ചേർന്നുള്ള അഗ്നൂരിലും പാക് പോസ്റ്റുകളിൽ നിന്ന് ഇന്നലെയും വെടിവെപ്പുണ്ടായി. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. രാജ്യത്തെ വെബ്സൈറ്റുകൾക്ക് നേരെ പാകിസ്താൻ ഹാക്കർമാർ ഇന്നും ഹാക്കിംഗ് ശ്രമം നടത്തി.
മന്ത്രിസഭാ യോഗത്തിന് ശേഷം ധനകാര്യ, സാമ്പത്തിക കാര്യ മന്ത്രിസഭായോഗങ്ങളും ചേരും. അതിർത്തി കടന്നെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബി എസ് എഫ് ജവാനെ ആറു ദിവസം പിന്നിട്ടിട്ടും പാക്കിസ്ഥാൻ വിട്ടു നൽകിയിട്ടില്ല. പിന്നാലെ രാഷ്ട്രീയകാര്യ സമിതി യോഗവും ചേരും.
Story Highlights: Following the Pahalgam terror attack, the Union Cabinet will convene a crucial meeting today to assess security matters and discuss further actions against Pakistan.