കാനഡയിലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി വിജയിച്ചു. പ്രധാനമന്ത്രിയായി മാർക്ക് കാർണി തുടരും. എന്നാൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 172 സീറ്റുകൾ നേടാൻ ലിബറൽ പാർട്ടിക്കായില്ല. 165 സീറ്റുകൾ നേടിയാണ് ലിബറൽ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.
കൺസർവേറ്റീവ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി പിയറി പോളിവെർ പരാജയം സമ്മതിച്ചു. കഴിഞ്ഞ മാർച്ചിൽ പിരിച്ചുവിട്ട പാർലമെന്റിൽ ലിബറൽ പാർട്ടിക്ക് 152 സീറ്റും കൺസർവേറ്റീവുകൾക്ക് 120 സീറ്റുമാണ് ഉണ്ടായിരുന്നത്. ഈ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി 147 സീറ്റുകൾ നേടി.
23 സീറ്റുകളുമായി ബി ക്യു മൂന്നാം സ്ഥാനത്തെത്തി. ന്യൂ ഡെമോക്രാറ്റിക് പാർട്ടി 7 സീറ്റുകളും ഗ്രീൻ പാർട്ടി ഒരു സീറ്റും നേടി. മറ്റ് പാർട്ടികളുടെ പിന്തുണയില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിയാകും കാനഡ ഭരിക്കുക.
ബി ക്യുവും എൻഡിപിയും ലിബറൽ പാർട്ടിയെ പിന്തുണയ്ക്കുകയാണെങ്കിൽ മാർക്ക് കാർണിക്ക് ഭൂരിപക്ഷ സർക്കാർ രൂപീകരിക്കാനാകും. 24 സീറ്റുള്ള ജഗ്മീത് സിംഗിന്റെ ന്യൂ ഡമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയോടെയാണ് ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിൽ ലിബറൽ പാർട്ടി കഴിഞ്ഞ തവണ അധികാരത്തിലെത്തിയത്.
ട്രംപിന് കാനഡയെ തകർക്കാനാവില്ലെന്നും അമേരിക്കയുമായി ഉണ്ടായിരുന്ന സഹകരണ ബന്ധം അവസാനിച്ചുവെന്നും മാർക്ക് കാർണി പറഞ്ഞു. കാനഡയെ യുഎസ്എയിൽ കൂട്ടിച്ചേർക്കാനുള്ള ട്രംപിന്റെ നീക്കവും കാനഡയ്ക്കെതിരായ ട്രംപിന്റെ തീരുവ വർദ്ധനവും ലിബറൽ പാർട്ടിക്ക് വോട്ടായി മാറിയെന്നാണ് വിലയിരുത്തൽ.
പുതിയ തിരഞ്ഞെടുപ്പ് നടത്താൻ ഒക്ടോബർ വരെ സമയമുണ്ടായിരുന്നുവെങ്കിലും കാർണി നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. കൺസർവേറ്റീവ് പാർട്ടിയുടെ പിയറി പോളിവെറായിരുന്നു മാർക്ക് കാർണിയുടെ മുഖ്യ എതിരാളി.
Story Highlights: Mark Carney’s Liberal Party secures a narrow victory in the Canadian federal election, but falls short of a majority.