Kuwait◾: കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സമാപനത്തിൽ ജിസിസിയിലെ എഴുത്തുകാർക്കായി ഏർപ്പെടുത്തിയ പ്രഥമ കല കുവൈറ്റ് എം ടി സാഹിത്യ പുരസ്കാരം സമ്മാനിച്ചു. സൗദി അറേബ്യയിൽ നിന്നുള്ള എഴുത്തുകാരൻ ജോസഫ് അതിരുങ്കലിനാണ് ഈ അവാർഡ് ലഭിച്ചത്. ‘ഗ്രിഹർ സംസയുടെ കാമുകി’ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം.
കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടിവി ഹിക്മത്ത്, കെകെഎൽഎഫ് ചെയർമാൻ പ്രേമൻ ഇല്ലത്ത്, ജനറൽ കൺവീനർ മണികണ്ഠൻ വട്ടംകുളം, കല കുവൈത്ത് ട്രഷറർ പിബി സുരേഷ്, ആക്ടിങ് മീഡിയ സെക്രട്ടറി പ്രസീത ജിതിൻ തുടങ്ങിയവർ സാഹിത്യോത്സവത്തിന് നേതൃത്വം നൽകി. രണ്ടു ദിവസങ്ങളിലായി നടന്ന ഫെസ്റ്റിവലിൽ കേരളത്തിൽ നിന്നും പ്രവാസ ലോകത്തു നിന്നുമുള്ള എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരടക്കം നൂറുക്കണക്കിന് പേർ പങ്കെടുത്തു. സംവാദങ്ങൾ, പുസ്തക പ്രദർശനം, ആർട്ട് ഗ്യാലറി, സാംകാരിക സമ്മേളനം, കവിതകളുടെ രംഗാവിഷ്കാരം തുടങ്ങിയവയും ഫെസ്റ്റിവലിന്റെ ഭാഗമായിരുന്നു.
കുവൈത്തിലെ എഴുത്തുകാരുടെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രദർശനം ഒരു പ്രത്യേക പവിലിയനിൽ ഒരുക്കിയിരുന്നു. 50,000 രൂപയും ശില്പവും ഉൾപ്പെടുന്ന പുരസ്കാരം പ്രമുഖ മലയാള സാഹിത്യകാരൻ അശോകൻ ചരുവിൽ ജോസഫ് അതിരുങ്കലിന് സമ്മാനിച്ചു. കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ വച്ചായിരുന്നു പുരസ്കാരദാനം.
സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. അതിഥികളായെത്തിയ സാഹിത്യകാരൻ ബെന്യാമിൻ, അശോകൻ ചരുവിൽ, കൈരളി ടിവി ന്യൂസ് ഡയറക്ടർ ശരത് ചന്ദ്രൻ, എഴുത്തുകാരായ ഹരിത സാവിത്രി, പ്രിയ വിജയൻ ശിവദാസ്, ലോക കേരളസഭ അംഗം ആർ നാഗനാഥൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കുവൈത്തിലെ ചിത്രകാരന്മാരുടെ ലൈവ് ചിത്രരചനയും ചിത്രപ്രദർശനവും മേളയുടെ ഭാഗമായിരുന്നു.
Story Highlights: Joseph Athirunkal from Saudi Arabia won the inaugural Kala Kuwait MT Sahitya Award at the Kala Kuwait Literature Festival in Kuwait.