ലോക മനസാക്ഷിയെ നടുക്കിയ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് 23 വർഷം തികയുന്നു. 2001 സപ്തംബർ 11-ന് അമേരിക്കയുടെ ആത്മാഭിമാനത്തിന് മുറിവേറ്റ ദിനമായിരുന്നു അത്. അൽ ഖ്വയിദ ഭീകരർ നടത്തിയ ഈ ചാവേർ ആക്രമണത്തിന് ലോകചരിത്രത്തിൽ സമാനതകളില്ല.
അൽഖ്വയിദ ഭീകരർ നാല് അമേരിക്കൻ യാത്രവിമാനങ്ങൾ റാഞ്ചിയെടുത്ത് സംഘങ്ങളായി തിരിഞ്ഞു. രാവിലെ 8:30-ന് വേൾഡ് ട്രേഡ് സെൻററിൻറെ ഇരട്ട കെട്ടിടങ്ങളിലേക്ക് രണ്ട് വിമാനങ്ങൾ ഇടിച്ചിറങ്ങി. മൂന്നാമത്തെ വിമാനം പെന്റഗണിലേക്കും ഇടിച്ചിറങ്ങി. നാലാമത്തെ വിമാനം വൈറ്റ് ഹൌസ് ലക്ഷ്യമാക്കിയെങ്കിലും പെൻസിൽവാനിയയിലെ പാടശേഖരത്ത് തകർന്നുവീണു. 77 രാജ്യങ്ങളിൽനിന്നുള്ള 2977 പേർ കൊല്ലപ്പെടുകയും പതിനായിരത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ആക്രമണത്തിന് പിന്നാലെ അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിലെത്തി. താലിബാൻ സർക്കാർ താഴെവീണു. പത്ത് വർഷങ്ങൾക്ക് ശേഷം ഒസാമ ബിൻ ലാദനെ അമേരിക്ക വധിച്ചു. നാറ്റോ സൈന്യം പത്തുവർഷത്തോളം അഫ്ഗാനിസ്ഥാനിൽ തുടർന്നെങ്കിലും, അവർ മടങ്ങിയതോടെ താലിബാൻ വീണ്ടും അധികാരത്തിലെത്തി.
Story Highlights: 23rd anniversary of the tragic 9/11 World Trade Center attack that shook global conscience