തമിഴ്നാട് ഗവർണർ ആർഎൻ രവി സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. സർക്കാർ സ്കൂളുകളിലെ 75% വിദ്യാർഥികൾക്കും രണ്ടക്കം കൂട്ടിവായിക്കാൻ അറിയില്ലെന്നും, ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥിക്കു പോലും രണ്ടടക്കം ചേർത്തു പറയാനാകുന്നില്ലെന്നും ഗവർണർ ആരോപിച്ചു.
സംസ്ഥാനത്തെ അധ്യാപന നിലവാരം ദേശീയ ശരാശരിയിലും താഴെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവാരമില്ലാത്ത വിദ്യാഭ്യാസം നൽകി വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കുകയാണെന്നും സർക്കാർ സ്കൂളുകളിലെ അധ്യാപനവും പഠനവും ദയനീയമായ അവസ്ഥയിലാണെന്നും ഗവർണർ വിമർശിച്ചു.
സ്റ്റേറ്റ് സിലബസ് നിലവാരമില്ലാത്തതും കുട്ടികളെ പിന്നോട്ട് വലിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്കൂളുകളിലും കോളേജുകളിലും മയക്കുമരുന്നുകൾ വിതരണം ചെയ്യപ്പെടുന്നുണ്ടെന്നും ഇത്തരം നിലവാരത്തകർച്ച കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഗവർണർ പറഞ്ഞു.
എന്നാൽ, ഗവർണറുടെ ഈ ആരോപണങ്ങളെ നിഷേധിച്ച് ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. തമിഴ്നാട് സംസ്ഥാന സിലബസ് വിദ്യാർത്ഥികളെ വിമർശനാത്മകമായി ചിന്തിക്കാനും ചോദ്യങ്ങൾ ചോദിക്കാനും പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റേറ്റ് ബോർഡിന് കീഴിൽ പഠിച്ചവരിൽ പലരും ഐഎസ്ആർഒയിലും ഐടി മേഖലയിലും ഉന്നത പദവികൾ വഹിച്ച് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റേറ്റ് സിലബസിനെ വിമർശിക്കുന്നത് വിദ്യാർത്ഥികളെയും അധ്യാപകരെയും അപമാനിക്കുന്നതിന് തുല്യമാണെന്നും അത് അനുവദിക്കില്ലെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.
Story Highlights: 75% of students can’t recognize two-digit numbers, claims Tamil Nadu Governor RN Ravi.