കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തെരച്ചിലിന്റെ ആറാം ദിനമായ ഇന്ന് സൈന്യവും രംഗത്തിറങ്ങും. ബെൽഗാമിൽ നിന്ന് ഉച്ചയോടെയാണ് സൈന്യം എത്തുക. ഐഎസ്ആർഒ തെരച്ചിലിന് സഹായകമാവുന്ന ഉപഗ്രഹചിത്രങ്ങൾ ലഭ്യമാക്കി രക്ഷാദൗത്യത്തിൽ പങ്കാളിയാകുമെന്നും അറിയിച്ചിട്ടുണ്ട്.
എന്നാൽ പ്രദേശത്ത് മഴ പെയ്യുന്നത് നിലവിലെ വെല്ലുവിളിയാണ്. ഒരു മണിക്കൂറിനുള്ളിൽ അർജുനെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചു. സംഭവത്തിൽ ജില്ലാഭരണകൂടത്തിന് വീഴ്ചയുണ്ടായെന്നും കലക്ടർ പുതിയ ആളായതിനാൽ പരിചയക്കുറവുണ്ടെന്നും ഇന്ന് സ്ഥലം സന്ദർശിച്ച അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സിഗ്നലുകളും ലോറിയുടെ അവസാനത്തെ ലൊക്കേഷനുമനുസരിച്ച് ലോറി പാർക്കിംഗ് ഏരിയയിൽ തന്നെയുണ്ടാകും എന്ന നിഗമനത്തിലാണ് അധികൃതർ. എന്നാൽ എൻഐടിയിലെ വിദഗ്ധർ നടത്തിയ പരിശോധനയിൽ റഡാറിൽ നിന്ന് ലഭിച്ച സിഗ്നൽ ലോറിയിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കാനാവാഞ്ഞത് ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. പുഴയിലേക്ക് ലോറി ഒഴുകിപ്പോയിട്ടില്ലെന്ന് ദൗത്യസംഘം ഉറപ്പുവരുത്തിയിട്ടുണ്ട്.
ഇന്നലെ നാവികസേനയും ഈ വിവരം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രണ്ട് സിഗ്നലുകൾ ലഭിച്ച സ്ഥലത്തേക്ക് തന്നെ രക്ഷാപ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുകയാണ്. രണ്ട് ജെസിബികളാണ് ഇവിടെ മണ്ണെടുപ്പ് നടത്തുന്നത്.
ഇത് ചെയ്യുമ്പോൾ തൊട്ടടുത്തുള്ള സ്ഥലത്തെയും മണ്ണിടിയാൻ സാധ്യതയുണ്ടെന്നതിനാൽ ഇത് തടയുന്നതിനാണ് മറ്റ് ജെസിബികൾ.