വയനാട് ദുരന്തമേഖലയിൽ അഞ്ചുലക്ഷം ലിറ്റർ ശുദ്ധജലം വിതരണം ചെയ്തു

Anjana

Wayanad landslide, drinking water distribution, Kerala Water Authority

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തമേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരള വാട്ടർ അതോറിറ്റി ഇതുവരെ അഞ്ചുലക്ഷം ലിറ്റർ ശുദ്ധജലം വിതരണം ചെയ്തിട്ടുണ്ട്. ക്യാമ്പുകളിലും രക്ഷാപ്രവർത്തന മേഖലകളിലും ജലാവശ്യം വർദ്ധിച്ചതിനാൽ, വാട്ടർ അതോറിറ്റി ജീവനക്കാർ രാപകൽ ഭേദമില്ലാതെ ടാങ്കർ ലോറികളിലും മറ്റുമായി ശുദ്ധജലം എത്തിച്ചുനൽകുന്നു.

ഉരുൾപ്പൊട്ടലിനെ തുടർന്ന് പ്രദേശത്തെ ശുദ്ധജല സ്രോതസ്സുകൾ നശിച്ചെങ്കിലും, വാട്ടർ അതോറിറ്റി ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ജനങ്ങൾക്ക് കുടിവെള്ളത്തിനോ ദൈനംദിന ആവശ്യങ്ങൾക്കുള്ള ശുദ്ധജലത്തിനോ വേണ്ടി ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആദ്യദിനം മുതൽ തന്നെ വാട്ടർ അതോറിറ്റി കുടിവെള്ളം ഉറപ്പുവരുത്തി. ആദ്യദിവസം 7000 ലിറ്റർ വെള്ളമാണ് വിതരണം ചെയ്തത്. പിന്നീട് രക്ഷാ, തിരച്ചിൽ ദൗത്യങ്ങൾക്കായി കൂടുതൽ ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും എത്തിയതോടെ വെള്ളത്തിന്റെ ആവശ്യം വർദ്ധിച്ചു.

വാട്ടർ അതോറിറ്റി തന്നെ ജലവിതരണം പൂർണമായും ഏറ്റെടുത്തു. മേപ്പാടി ജിയുപി സ്കൂൾ, ജിഎച്ച്എസ്എസ്, ജിഎൽപിഎസ്, ഹെൽത്ത് സെന്റർ മേപ്പാടി, മിലിറ്ററി ക്യാമ്പ് മേപ്പാടി തുടങ്ങിയ എല്ലായിടങ്ങളിലും കൃത്യമായ ഇടവേളകളിൽ ശുദ്ധജല വിതരണം നടത്തുന്നു. നിലവിൽ പ്രതിദിനം ഒരുലക്ഷം ലിറ്റർ വെള്ളമാണ് വിതരണം ചെയ്യുന്നത്.

കാരാപ്പുഴയിൽ നിന്നുള്ള ശുദ്ധീകരിച്ച വെള്ളമാണ് വിതരണത്തിനായി ഉപയോഗിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ കൽപ്പറ്റയിലെ ഗൂഡലായി ബൂസ്റ്റർ പമ്പ് ഹൗസിൽ നിന്ന് ടാങ്കർ ലോറികളിൽ നിറച്ചാണ് വിതരണം. വെള്ളത്തിന്റെ ഗുണനിലവാര പരിശോധന കൃത്യമായ ഇടവേളകളിൽ വാട്ടർ അതോറിറ്റി ക്വാളിറ്റി കൺട്രോൾ വിഭാഗം നടത്തുന്നുണ്ട്.

പുഞ്ചിരിമറ്റം, മുണ്ടക്കൈ ഭാഗങ്ങളിൽ സ്ഥാപിച്ച ബയോ ടോയ്ലറ്റുകളിലേക്കുള്ള ജലവിതരണവും വാട്ടർ അതോറിറ്റിയാണ് നടത്തുന്നത്. ജലവിതരണത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താനും പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കുന്നതിനുമായി അതോറിറ്റി ഉദ്യോഗസ്ഥർ എല്ലായിടങ്ങളിലും പരിശോധന നടത്തിവരുന്നുമുണ്ട്.

Story Highlights: കേരള വാട്ടർ അതോറിറ്റി വയനാട് ദുരന്തമേഖലയിൽ അഞ്ചുലക്ഷം ലിറ്റർ ശുദ്ധജലം വിതരണം ചെയ്തു.

Image Credit: twentyfournews