ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭം കലാപമായി; 32 പേർ കൊല്ലപ്പെട്ടു, ഔദ്യോഗിക ടിവി ചാനലിന് തീയിട്ടു

Anjana

ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭം കലാപമായി മാറിയതിൽ 32 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെയാണ് സമരം ആരംഭിച്ചത്. പ്രക്ഷോഭകാരികൾ രാജ്യത്തെ ഔദ്യോഗിക ടിവി ചാനൽ സ്ഥാപനത്തിന് തീയിട്ടു, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സമാധാനം പാലിക്കാൻ ആഹ്വാനം ചെയ്തതിന് പിന്നാലെയാണിത്.

സർക്കാർ നിയമനത്തിനുള്ള മുൻ ചട്ടങ്ങൾ തിരികെ കൊണ്ടുവരണമെന്നാണ് സമരക്കാരുടെ ആവശ്യം. പൊലീസ് റബ്ബർ ബുള്ളറ്റുകൾ പ്രയോഗിച്ച് പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ചതോടെ സ്ഥിതി വഷളായി. ബംഗ്ലാദേശ് ടിവിയുടെ ആസ്ഥാനത്ത് അതിക്രമിച്ച് കയറിയ പ്രക്ഷോഭകർ റിസപ്ഷനിലും കാറുകൾക്കും തീയിട്ടു. കെട്ടിടത്തിൽ കുടുങ്ങിപ്പോയ ഉദ്യോഗസ്ഥരെ പിന്നീട് സുരക്ഷിതമായി പുറത്തെത്തിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജ്യത്ത് സ്കൂളുകൾക്കും കോളേജുകൾക്കും അനിശ്ചിത കാല അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മൊബൈൽ ഇൻ്റർനെറ്റ് നിരോധിച്ചിട്ടുണ്ടെങ്കിലും തെരുവ് കൂടുതൽ കലാപ കലുഷിതമാവുകയാണ്. പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്നും പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നു. ധാക്ക സർവകലാശാലയിൽ ജൂലൈ 15 നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പൊലീസ് നടപടി അതിക്രൂരമായിരുന്നു, നൂറിലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതോടെ സമരം വ്യാപിച്ചു, ജഹാംഗീർ നഗർ സർവകലാശാലയിലും പ്രതിഷേധം തുടങ്ങി.