മലയാളി സഹോദരിമാർ യു.എ.ഇ. ക്രിക്കറ്റ് ടീമിൽ; ഏഷ്യാകപ്പിൽ ചരിത്രമെഴുതാൻ

Anjana

രാജ്യാന്തര ക്രിക്കറ്റിൽ ചരിത്രമെഴുതാനൊരുങ്ങി മലയാളി സഹോദരിമാർ. സുൽത്താൻ ബത്തേരി സ്വദേശികളായ റിതികാ രജിത്, റിനിതാ രജിത്, റിഷിതാ രജിത് എന്നിവരാണ് ഏഷ്യാകപ്പ് വനിതാ ടി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള യു.എ.ഇ. ടീമിൽ ഒരു വീട്ടിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാനൊരുങ്ങുന്നത്. യു.എ.ഇ.യിൽ ബിസിനസ് നടത്തുന്ന ബത്തേരി അരുണാലയത്തിൽ രജിത്തിന്റെയും രഞ്ജിനിയുടെയും മക്കളാണ് ഈ മൂന്ന് സഹോദരിമാർ.

റിതിക സ്വകാര്യകമ്പനിയിൽ എച്ച്.ആർ. ഉദ്യോഗസ്ഥയാണ്. റിനിത പ്ലസ്ടുവിനുശേഷം കംപ്യൂട്ടർ എൻജിനിയറിങ് പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. റിഷിത പ്ലസ്‌വൺ വിദ്യാർഥിനിയാണ്. 2016-ൽ കോഴിക്കോട് ജില്ലയ്ക്കായി റിനിതയും റിഷിതയും ബാഡ്മിന്റൺ അണ്ടർ ഇലവൻ ഗേൾസിൽ കളിച്ചിട്ടുണ്ട്. 1980-കളിൽ വയനാട് ജില്ലാടീമിൽ കളിച്ചിരുന്ന അച്ഛൻ രജിത്തിന്റെ കീഴിലായിരുന്നു അവരുടെ പരിശീലനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൂന്നുവർഷമായി യു.എ.ഇ. ദേശീയ ടീമംഗങ്ങളായ മൂവരും ഇതുവരെ ആദ്യമായി ഒരുമിച്ചിറങ്ങിയിട്ടില്ല. എന്നാൽ ഏഷ്യാകപ്പിനുള്ള 15 അംഗ സംഘത്തിൽ മൂവരും ഇടംനേടിയതോടെ ഒരുമിച്ചു കളിക്കാൻ അവസരമൊരുങ്ങി. 19, 21, 23 തീയതികളിൽ ശ്രീലങ്കയിലാണ് യു.എ.ഇ.യുടെ മത്സരം. ഇന്ത്യ, പാകിസ്താൻ, നേപ്പാൾ എന്നിവരാണ് എതിരാളികൾ. ഒട്ടേറെ മത്സരങ്ങളിൽ തിളങ്ങിയതോടെയാണ് ഈ സഹോദരിമാർ യു.എ.ഇ. ദേശീയടീമിലും ഇടം നേടിയത്.