തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകുന്നേരം 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ തിരി തെളിയുന്നതോടെ ഒരാഴ്ചക്കാലത്തെ സിനിമാ ഉത്സവത്തിന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ പ്രശസ്ത നടി ഷബാന ആസ്മിയെ ആദരിക്കും. ഡിസംബർ 13 മുതൽ 20 വരെ നടക്കുന്ന മേളയിൽ 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകൾ 15 തിയേറ്ററുകളിലായി പ്രദർശിപ്പിക്കും.
അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ 14 സിനിമകളും, മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും, ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ 7 സിനിമകളും പ്രദർശിപ്പിക്കും. ലോക സിനിമാ വിഭാഗത്തിൽ 63 സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻനിര മേളകളിൽ പ്രേക്ഷക പ്രീതി നേടിയ 13 ചിത്രങ്ങൾ അടങ്ങിയ ‘ഫെസ്റ്റിവൽ ഫേവറിറ്റ്സ്’ വിഭാഗവും ആകർഷണമാകും.
അർമേനിയൻ സിനിമാ ശതാബ്ദിയുടെ ഭാഗമായി 7 ചിത്രങ്ങൾ കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. ദക്ഷിണ കൊറിയൻ സംവിധായകൻ ഹോങ് സാങ് സൂ, ഷബാന ആസ്മി, ഛായാഗ്രാഹകൻ മധു അമ്പാട്ട് എന്നിവരുടെ റെട്രോസ്പെക്റ്റീവ്, ‘ദ ഫീമേൽ ഗെയ്സ്’ എന്ന പേരിൽ വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജ്, ലാറ്റിനമേരിക്കൻ സിനിമകളുടെ പാക്കേജ്, കലൈഡോസ്കോപ്പ്, മിഡ്നൈറ്റ് സിനിമ, ആനിമേഷൻ ചിത്രങ്ങൾ, ചലച്ചിത്ര അക്കാദമി പുനരുദ്ധരിച്ച രണ്ട് ചിത്രങ്ങൾ ഉൾപ്പെടെയുള്ള റീസ്റ്റോർഡ് ക്ലാസിക്സ് എന്നിവയും ഉണ്ടാകും.
പി. ഭാസ്കരൻ, പാറപ്പുറത്ത്, തോപ്പിൽഭാസി എന്നിവരുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ‘ലിറ്റററി ട്രിബ്യൂട്ട്’ വിഭാഗത്തിൽ മൂന്ന് ചിത്രങ്ങളും പ്രദർശിപ്പിക്കും. 13,000-ലധികം ഡെലിഗേറ്റുകളും 100-ഓളം ചലച്ചിത്ര പ്രവർത്തകരും മേളയിൽ പങ്കെടുക്കും. ഡിസംബർ 20-ന് നടക്കുന്ന സമാപന ചടങ്ങിൽ ഇന്ത്യൻ സംവിധായിക പായൽ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.
Story Highlights: 29th Kerala International Film Festival kicks off today with a week-long celebration of cinema