മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ ആഘാതം പഠിക്കാൻ വനംവകുപ്പ് ഒരുങ്ങുകയാണ്. വകുപ്പിന്റെ അധീനതയിലുള്ള വനത്തിനുള്ളിലെ മലയിൽ നിന്നുത്ഭവിച്ച ഉരുൾപൊട്ടൽ ആയതിനാൽ പ്രത്യേക പഠനം നടത്താൻ തീരുമാനിച്ചു. ദുരന്തത്തിൽ വകുപ്പിന്റെ 25 ഹെക്ടർ വനപ്രദേശം തരിശായി മാറി. വനം വകുപ്പിന്റെ ആസ്ഥാനത്തു നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സർവ്വേ നടത്തും. ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും സർവ്വേ ടീമിൽ ഉൾപ്പെടുത്തും.
ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ വനത്തിൽ നടത്തിയ തിരച്ചിലിൽ വനംവകുപ്പിന്റെ സഹായം ദൗത്യസേനയ്ക്ക് ഏറെ ഗുണം ചെയ്തു. വന്യമൃഗങ്ങളെന്നു പറയാൻ രണ്ടു മ്ലാവുകളുടെ ജഡം മാത്രമേ ലഭിച്ചിട്ടുള്ളൂ. വലിയ വന്യമൃഗങ്ങൾക്കൊന്നും അപായമുണ്ടായിട്ടില്ല. പാതിരാത്രി സംഭവിച്ച ദുരന്തം മൃഗങ്ങൾക്ക് മുൻകൂട്ടി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
വനംവകുപ്പു നടത്തുന്ന പഠനത്തിൽ നഷ്ടം എത്രയെന്ന് വ്യക്തമാകും. മുണ്ടക്കൈ ഭാഗത്തെ വനത്തിനുള്ളിൽ ഇനി ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടോ എന്നും അറിയാൻ സാധിക്കും. വർഷങ്ങൾക്കു മുമ്പ് മുണ്ടക്കൈ വനത്തിലെ മലകളിൽ ഉരുൾ പൊട്ടിയിട്ടുണ്ട്. അന്ന് നടന്ന സർവ്വേ റിപ്പോർട്ട് ഇന്നും വെളിച്ചം കണ്ടിട്ടില്ല. ദുരന്ത മേഖലയിൽ നിന്നും 231 മൃതദേഹങ്ങളും 206 ശരീര ഭാഗങ്ങളുമാണ് ലഭിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ തീവ്രതയും ഭൂവിനിയോഗം എങ്ങനെ നടത്തണമെന്നു മനസ്സിലാക്കാനും സർക്കാർ തലത്തിൽ ഒരു സർവ്വേ നടത്തുന്നുണ്ട്.
Story Highlights: Forest Department to study impact of Mundakkai landslide, 25 hectares of forest destroyed