ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് ജയിച്ച നടൻ സുരേഷ് ഗോപിക്കായി മാപ്പിള പാട്ടിന്റെ ഈണത്തിൽ ഗാനമെഴുതി പാടി ശ്രദ്ധ നേടിയവരാണ് തൃശ്ശൂർ സ്വദേശിനി ഷിജിതയും മകൾ സുൽഫത്തും. കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ഇരുവരെയും അനുമോദിച്ചു. ഇതിനെക്കുറിച്ച് ഷിജിത പ്രതികരിച്ചു.
താമര വിരിയില്ലെന്ന് പറഞ്ഞ് തന്നെ പരിഹസിച്ചവരുണ്ടെന്നും സുരേഷ് ഗോപിയുടെ വിജയത്തിൽ സന്തോഷമുണ്ടെന്നും ഷിജിത പറഞ്ഞു. ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ചതിന് കുടുംബത്തിൽ നിന്നടക്കം അവഹേളനങ്ങൾ നേരിടേണ്ടി വന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഷിജിത കൂടുതൽ വിശദീകരിച്ചു: “സുരേഷ് സർ ജയിച്ചതിൽ വളരെ സന്തോഷമുണ്ട്. ഇതിലും വലിയ സന്തോഷം ഞങ്ങൾക്കില്ല. അദ്ദേഹത്തിനായി 5 പാട്ടുകളോളം എഴുതി മകളെക്കൊണ്ട് പാടിച്ചിട്ടുണ്ട്. എന്നെ പലരും പരിഹസിച്ചു. തളിക്കുളം പഞ്ചായത്തിലായിരുന്നു എന്റെ വോട്ട്. അവിടെ വോട്ട് ചെയ്യാൻ എത്തിയപ്പോൾ എന്റെ അറിവില്ലാതെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പരിഹസിച്ചു. ‘താമര വിരിഞ്ഞത് തന്നേ’ എന്ന് പറഞ്ഞായിരുന്നു പരിഹാസം. തൃശ്ശൂരിൽ കലാശക്കൊട്ടിന് ഞാൻ പോയി. താമര വിരിയുമെന്ന് ഞാൻ പറഞ്ഞു.”
“സുരേഷേട്ടൻ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇനി എനിക്ക് മരിച്ചാലും വേണ്ടില്ല. 21 ഭാഗ്യപുഷ്പാഞ്ജലി ഞാൻ സുരേഷ് ഗോപി സാറിന് വേണ്ടി കഴിപ്പിച്ചിരുന്നു. എന്നെ പലരും വെറുക്കപ്പെട്ടവളായി കണ്ടു. എനിക്ക് ഒരു വിഷമവുമില്ല. എനിക്ക് ആരെയും പേടിക്കേണ്ട കാര്യമില്ല. ഇത് വ്യക്തിപരമായ തീരുമാനമാണ്. ചെറുപ്പം മുതലേ ഞങ്ങൾ ഇടതുപക്ഷക്കാരായിരുന്നു. സുരേഷേട്ടനെ എനിക്കിഷ്ടമാണ്. അദ്ദേഹം എത്രനാൾ ഇതിൽ പ്രവർത്തിക്കുന്നുവോ, അത്രയും നാൾ ഞാനും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കും. എല്ലാവരുടെ ഭാഗത്തുനിന്നും എതിർപ്പുകൾ ഉണ്ടായി, ഗൾഫിൽ നിന്ന് വരെ. ഞാൻ അതൊന്നും വിലയ്ക്കെടുത്തില്ല,” ഷിജിത കൂട്ടിച്ചേർത്തു.