നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ ശൗര്യ എയർലൈൻസിന്റെ വിമാനം തകർന്നു വീണ് 18 പേർ മരിച്ചു. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ച് കത്തുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്.
വിമാനത്തിൽ ആകെ 19 പേരാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ 16 പേർ നേപ്പാൾ പൗരന്മാരായിരുന്നു. രണ്ടു പേർ ജീവനക്കാരായിരുന്നു. പരിക്കേറ്റ പൈലറ്റ് എം.ആർ.ശാക്യയെ കാഠ്മണ്ഡു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 18 പേർ മരിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് നേപ്പാൾ സ്ഥിരീകരിച്ചു.
നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി അപകട സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചു. അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി ഒലി സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്നും റിപ്പോർട്ട് തേടി. പൊഖാറയിലേക്കുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്.