കർണാടകയിലെ മാണ്ഡ്യ, യാദ്ഗിരി ജില്ലകളിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയതായി ഭൗമശാസ്ത്ര സഹമന്ത്രി (സ്വതന്ത്ര ചുമതല) ജിതേന്ദ്ര സിംഗ് രാജ്യസഭയിൽ വെളിപ്പെടുത്തി. ആണവോർജ വകുപ്പിന് കീഴിലുള്ള ആറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്പ്ലോറേഷൻ ആൻഡ് റിസർച്ച് (എഎംഡി) നടത്തിയ പ്രാഥമിക സർവേകളിലും പര്യവേക്ഷണങ്ങളിലുമാണ് മാണ്ഡ്യ ജില്ലയിലെ മർലഗല്ല മേഖലയിൽ 1,600 ടൺ നിക്ഷേപം കണ്ടെത്തിയത്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും ലിഥിയം കണ്ടെത്താനുള്ള സജീവമായ പരിശോധനകൾ എഎംഡി നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സ്മാർട്ഫോണുകൾ, കംപ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, ക്യാമറകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്കാവശ്യമായ ലിഥിയം അയോൺ ബാറ്ററികൾ നിർമിക്കുന്നതിന് അനിവാര്യമായ ഘടകമാണ് ലിഥിയം. ആഗോള തലത്തിൽ ഏറ്റവും ഡിമാൻഡുള്ള ധാതുക്കളിലൊന്നായ ലിഥിയത്തിന്റെ കണ്ടെത്തൽ വലിയ പ്രാധാന്യമുള്ളതാണ്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
എഎംഡിയുടെ സർവേയിൽ ഹിമാചൽ പ്രദേശിലെ ഹമീർപുർ ജില്ലയിൽ യുറേനിയത്തിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവിടെ ആണവ നിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആണവോർജ്ജ കമ്മീഷൻ ഇതുവരെ യാതൊരു പഠനങ്ങളും നടത്തിയിട്ടില്ലെന്ന് ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. രാജ്യസഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിനുത്തരമായാണ് മന്ത്രി ഈ വിവരങ്ങൾ പങ്കുവച്ചത്.