തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലെ കുളവായ്പട്ടി ഗ്രാമത്തിലുള്ള ഭഗവതി അമ്മൻ ക്ഷേത്രത്തിൽ വർഷങ്ങൾനീണ്ട പോരാട്ടത്തിനൊടുവിൽ 100 ദളിത് കുടുംബങ്ങൾക്ക് പ്രവേശനം ലഭിച്ചു. പിന്നാക്കവിഭാഗക്കാർക്ക് വർഷങ്ങളായി ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചിരുന്നു. പലതവണ ദളിത് കുടുംബാംഗങ്ങൾ തങ്ങളുടെ ആഗ്രഹം അറിയിച്ചെങ്കിലും മേൽജാതിക്കാർ ഇവരെ അകറ്റിനിർത്തുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ ജില്ലാ ഭരണകൂടവും ഗ്രാമസഭയിലെ മുഖ്യന്മാരും നിരന്തരം ഇടപെട്ട് ചർച്ചനടത്തിയശേഷമാണ് ക്ഷേത്രപ്രവേശനത്തിനുള്ള അവസരം ഒരുങ്ങിയത്. കഴിഞ്ഞദിവസം ദളിത് കുടുംബാംഗങ്ങൾ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ക്ഷേത്രത്തിനുള്ളിൽ പൊങ്കൽ പാചകം ചെയ്യൽ, കരഗം ചുമക്കൽ ഉൾപ്പെടെയുള്ള ചടങ്ങുകളും നടത്തുകയും ചെയ്തു. എന്നാൽ, ചില പൂജാരിമാർ ക്ഷേത്രത്തിലെത്തിയില്ലെന്ന് ഒരു ദളിത് അംഗം ആരോപിച്ചു.
ഏഴുവർഷംമുമ്പ് ക്ഷേത്രത്തിലെ പ്രധാനചടങ്ങിലേക്ക് സംഭാവന നൽകാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾപ്പോലും ജാതിയുടെപേരിൽ അതു നിരസിക്കുകയായിരുന്നുവെന്ന് ഒരു ദളിത് സമുദായാംഗം പറഞ്ഞു. ദളിതരുടെ സാന്നിധ്യത്തെ ബഹുമാനിക്കുന്ന ഒരു പൂജാരിയെ ക്ഷേത്രത്തിൽ നിയമിക്കാൻ ദേവസ്വം വകുപ്പിനോട് ആവശ്യപ്പെടുമെന്നും മറ്റൊരാൾ പറഞ്ഞു. ഈ സംഭവം ജാതിവിവേചനത്തിനെതിരെയുള്ള ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു.
Story Highlights: 100 Dalit families gain entry to Bhagavathi Amman temple in Tamil Nadu after years of struggle