കൊണ്ടോട്ടിയിൽ ഏഴുമാസം മുൻപ് വിവാഹിതയായ യുവതിയുടെ ആത്മഹത്യയിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നിറത്തിന്റെ പേരിൽ യുവതി തുടർച്ചയായി അവഹേളനങ്ങൾക്ക് ഇരയായതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ നടപടി. ഷഹാനയുടെ മൃതദേഹം പഴയങ്ങാടി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി. കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പത്തൊമ്പതുകാരിയായ ഷഹാനയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. 2024 മെയ് 27നായിരുന്നു ഷഹാനയുടെയും അബ്ദുൽ വാഹിദിന്റെയും വിവാഹം. ഭർത്താവിന്റെയും വീട്ടുകാരുടെയും നിരന്തരമായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. സംഭവത്തിൽ പോലീസ് റിപ്പോർട്ട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഷഹാനയുടെ കുടുംബത്തിന്റെ മൊഴി കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രേഖപ്പെടുത്തി.
ഷഹാനയുടെ നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞു ഭർത്താവ് നിരന്തരം അവഹേളിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. വിവാഹബന്ധം വേർപെടുത്താൻ ഷഹാന നിർബന്ധിച്ചതോടെയാണ് മാനസികമായി തളർന്നതെന്നും കുടുംബം പറയുന്നു.
Story Highlights: 19-year-old Shahana committed suicide in Kondotty, Malappuram, allegedly due to continuous harassment based on her complexion.