വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ ഒരു സ്ത്രീ മരിക്കുകയും തുടർന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ കടുവയെ വെടിവെക്കാൻ ഉത്തരവിടുകയും ചെയ്തു. കടുവയെ വെടിവെച്ചോ കൂട് വെച്ചോ പിടികൂടാനാണ് നിർദേശം. കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. ആക്രമണം വനത്തിനുള്ളിൽ നടന്നതാണോ എന്നത് നിലവിൽ പരിഗണിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രിയദർശനി എസ്റ്റേറ്റിന് മുന്നിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കടുവയെ വെടിവെച്ച് കൊല്ലണമെന്നും ഉറപ്പുകൾ ലഭിക്കാതെ മൃതദേഹം മാറ്റില്ലെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മന്ത്രി ഒ.ആർ. കേളുവിനെ നാട്ടുകാർ വളഞ്ഞു. പ്രിയദർശനി എസ്റ്റേറ്റിന്റെ ഓഫീസിൽ സർവകക്ഷി യോഗം നടക്കുന്നതിനിടെയാണ് പുറത്ത് പ്രതിഷേധം നടക്കുന്നത്. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം ഇവിടെയാണ് എത്തിച്ചിരിക്കുന്നത്.
ഇന്ന് രാവിലെയാണ് ആദിവാസി സ്ത്രീയായ രാധ കടുവയുടെ ആക്രമണത്തിന് ഇരയായത്. ജോലിക്കായി തോട്ടത്തിൽ കാപ്പി പറിക്കാൻ പോയപ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ രാധ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കടുവ രാധയെ ആക്രമിച്ച് വനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. വയനാട് വൈൽഡ് ലൈഫിന്റെ ഭാഗമായുള്ള പ്രദേശത്താണ് സംഭവം.
Story Highlights: A woman died in a tiger attack in Wayanad, leading the Forest Minister to order the tiger to be shot.