വയനാട് ചുണ്ടേലിൽ ഓട്ടോറിക്ഷ ഡ്രൈവർ നവാസിനെ ജീപ്പിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. സഹോദരങ്ගളായ സുമിൽഷാദ്, അജിൻഷാദ് എന്നിവരെ സംഭവസ്ഥലത്തെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. സ്ഥലത്ത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉയർന്നു.
കഴിഞ്ഞ ദിവസം അന്വേഷണസംഘം പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്ന സ്ഥലത്തേക്ക് പ്രതികളെ കൊണ്ടുവന്നത്. പ്രതികൾക്കെതിരെ ആക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയോടെയായിരുന്നു തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തെ തുടർന്ന് ചുണ്ടേലിൽ വ്യാപക പ്രതിഷേധങ്ങൾ നടന്നിരുന്നു. തെളിവെടുപ്പ് സ്ഥലത്ത് നാട്ടുകാർ വലിയ സംഖ്യയിൽ തടിച്ചുകൂടി.
രണ്ടാം പ്രതി അജിൻഷാദ് ഓട്ടോറിക്ഷ കടന്നുപോകുന്നത് ഫോണിലൂടെ നിർദേശം നൽകാനായി കാത്തുനിന്ന ചുണ്ടേൽ ടൗണിലും പ്രതികളെ എത്തിച്ചു. ഇവിടെയും ജനങ്ങൾ പ്രതികൾക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. എസ്റ്റേറ്റ് റോഡിലും പ്രതികൾ നടത്തിയിരുന്ന ഹോട്ടലിലും തെളിവെടുപ്പ് നടന്നു.
കൊലപാതകത്തിൽ ഗൂഢാലോചനയിൽ പങ്കാളിയായ പ്രതികളുടെ പിതാവിന്റെ പങ്ക് അന്വേഷിക്കണമെന്ന് നവാസിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ഡിസംബർ 2 നായിരുന്നു ഓട്ടോറിക്ഷയും ഥാർ ജീപ്പും കൂട്ടിയിടിച്ച് ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ അപകടമുണ്ടായത്. പിന്നീടുള്ള പോലീസ് അന്വേഷണത്തിലാണ് പ്രതികൾ വ്യക്തിവൈരാഗ്യത്താൽ ആസൂത്രിതമായി കൊലപാതകം നടത്തിയതായുള്ള വിവരങ്ങൾ പുറത്തായത്.
Story Highlights: Police conduct evidence collection with accused in Wayanad Chundel autorickshaw driver murder case