സിപിഐഎം സംസ്ഥാന കമ്മിറ്റിയിലേക്ക് വി.എസ്. അച്യുതാനന്ദനെ പ്രത്യേക ക്ഷണിതാവായി നിയമിച്ചു. പുതിയ ക്ഷണിതാക്കളുടെ പട്ടിക ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനിച്ചത്. പാലോളി മുഹമ്മദ് കുട്ടി, വൈക്കം വിശ്വൻ, എ.കെ. ബാലൻ, എം.എം. മണി, കെ.ജെ. തോമസ്, പി. കരുണാകരൻ, ആനാവൂർ നാഗപ്പൻ എന്നിവരും പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയിൽ ഇടം നേടി.
കൊല്ലം സമ്മേളനത്തിൽ വി.എസ്. അച്യുതാനന്ദനെ ക്ഷണിതാവ് പട്ടികയിൽ ഉൾപ്പെടുത്താത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ പാർട്ടി കോൺഗ്രസിന് ശേഷം തീരുമാനമുണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനത്തിന് അനുസൃതമായിട്ടാണ് ഇപ്പോൾ സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് പ്രത്യേക ക്ഷണിതാക്കളുടെ പട്ടിക തയ്യാറാക്കിയത്.
എ.കെ. ബാലൻ, ആനാവൂർ നാഗപ്പൻ എന്നിവർ പുതുതായി ക്ഷണിതാക്കളുടെ പട്ടികയിൽ ഉൾപ്പെട്ടു. കൊല്ലം സമ്മേളനത്തിൽ 75 വയസ് പ്രായപരിധി കാരണം നേതൃസമിതിയിൽ നിന്ന് ഒഴിവായവരാണ് ഇവർ. മന്ത്രി വീണാ ജോർജ് 89 അംഗ സംസ്ഥാന സമിതിയിലെ സ്ഥിരം ക്ഷണിതാവാണ്. മന്ത്രി എന്ന നിലയിലാണ് വീണാ ജോർജിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയത്.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ സംഘടനാ ചുമതലകളും ഇന്നത്തെ സംസ്ഥാന കമ്മറ്റി അംഗീകരിച്ചു. ഡിവൈഎഫ്ഐയുടെ ചുമതല എറണാകുളത്തുനിന്നുള്ള സി.എൻ. മോഹനനും എസ്എഫ്ഐയുടെ ചുമതല എം.വി. ജയരാജനുമാണ്.
Story Highlights: VS Achuthanandan appointed as a special invitee to the CPIM state committee.