വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിലെ പ്രേരകശക്തി സാമ്പത്തിക ബാധ്യതയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പ്രതിയായ അഫാനും മാതാവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് മൊഴികളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. കൊലപാതകത്തിന്റെ തലേദിവസം പണം ആവശ്യപ്പെട്ട് വീട്ടിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. കൊലപാതകദിവസം രാവിലെ 2,000 രൂപ ആവശ്യപ്പെട്ട് അഫാൻ വീണ്ടും തർക്കത്തിലേർപ്പെട്ടു. ഈ തർക്കമാണ് പിന്നീട് കൂട്ടക്കൊലപാതകത്തിൽ കലാശിച്ചത്.
മാതാവ് ഷെമി മരിച്ചുവെന്ന് തെറ്റിദ്ധരിച്ചാണ് അഫാൻ ബാക്കിയുള്ള കുടുംബാംഗങ്ങളുടെയും കാമുകിയുടെയും ജീവനെടുത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഷെമിയെ ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കുകയും തല ചുമരിൽ ഇടിച്ച് രക്തം വാർന്ന നിലയിൽ കണ്ട് മരിച്ചുവെന്ന് കരുതിയാണ് മറ്റുള്ളവരെയും കൊലപ്പെടുത്താൻ അഫാൻ തീരുമാനിച്ചത്. വെഞ്ഞാറമൂടിനടുത്തുള്ള ഒരു കടയിൽ നിന്ന് വാങ്ങിയ ചുറ്റിക ഉപയോഗിച്ചാണ് ബാക്കി നാല് പേരെയും കൊലപ്പെടുത്തിയത്.
പെട്ടെന്ന് മരണം ഉറപ്പാക്കാനാകുമെന്ന ചിന്തയിലാണ് ചുറ്റിക ആയുധമായി തിരഞ്ഞെടുത്തതെന്നും പോലീസ് കരുതുന്നു. ഒറ്റയടിക്ക് ജീവനെടുക്കാമെന്ന ചിന്തയായിരിക്കാം അഫാനെ ചുറ്റിക ഉപയോഗിക്കാൻ പ്രേരിപ്പിച്ചത്. അഫാന്റെ മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചിട്ടില്ല. പ്രാഥമിക പരിശോധനയിൽ ഗൂഗിൾ ഹിസ്റ്ററി ഡിലീറ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി.
കൂടുതൽ വിവരങ്ങൾ ലഭിക്കാൻ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ് പ്രതി ഇപ്പോഴുള്ളത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും. കോടതി അനുമതി നൽകിയാൽ നാളെ തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ തീരുമാനം.
ഇത്ര വലിയ കടബാധ്യത എങ്ങനെ ഉണ്ടായെന്ന് വ്യക്തമാക്കാൻ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കസ്റ്റഡിയിൽ ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
Story Highlights: Financial burden led to the Venjaramoodu murders, suspect believed his mother was dead.