വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതിയായ അഫാന്റെ അറസ്റ്റ് രണ്ട് കേസുകളിൽ കൂടി രേഖപ്പെടുത്തി. പെൺസുഹൃത്ത് ഫർസാനയെയും സഹോദരൻ അഫ്സാനെയും കൊലപ്പെടുത്തിയ കേസുകളിലാണ് മെഡിക്കൽ കോളേജിലെ പ്രത്യേക സെല്ലിൽ വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അഫാനെ ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും.
പിതാവിന്റെ ജ്യേഷ്ഠനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം രേഖപ്പെടുത്തുമെന്ന് വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു. കടബാധ്യതയാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. കടം കൊടുത്തവരുടെ പേരുകൾ എഴുതിയ ഷെമിയുടെ ഡയറി പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ഷെമിയുടെ മൊഴി എടുക്കാൻ കഴിയാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. കടം നൽകിയവരെക്കുറിച്ചുള്ള വിവരങ്ങൾ ബന്ധുക്കളിൽ നിന്ന് ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കൊലപാതകങ്ങൾക്ക് മുമ്പ് സാമ്പത്തിക ബാധ്യതയെക്കുറിച്ച് ഫർസാനയെ അഫാൻ അറിയിച്ചിരുന്നു. തുടർന്ന് എങ്ങനെ ജീവിക്കുമെന്ന് കരഞ്ഞുകൊണ്ട് ഫർസാന ചോദിച്ചതിന് പിന്നാലെയാണ് ചുറ്റിക കൊണ്ട് അടിച്ചു കൊന്നതെന്നും പ്രതി മൊഴി നൽകി.
സഹോദരൻ അഫ്സാനോടും കൊലപാതകത്തിന് മുമ്പ് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. കൊലപാതകങ്ങൾക്ക് ധൈര്യം സംഭരിക്കാൻ വേണ്ടിയാണ് മദ്യപിച്ചതെന്നും അഫാൻ പൊലീസിനോട് പറഞ്ഞു. അമ്മ ഷെമിയെ ആക്രമിച്ചതും മറ്റുള്ളവരെ കൊലപ്പെടുത്തിയതും ഫർസാനയോട് പറഞ്ഞിരുന്നതായി അഫാൻ വെളിപ്പെടുത്തി.
അമ്മയാണ് കടബാധ്യതയ്ക്ക് കാരണമെന്ന് നിരന്തരം കുറ്റപ്പെടുത്തിയതാണ് സൽമാബീവിയെ കൊലപ്പെടുത്താനുള്ള കാരണമെന്നും അഫാൻ പറഞ്ഞു. പുതിയ ബൈക്ക് വാങ്ങിയതിന്റെ പേരിൽ പിതൃസഹോദരൻ ലത്തീഫ് തന്നെ നിരന്തരം കുറ്റപ്പെടുത്തിയതിനാലാണ് അவரെയും കൊലപ്പെടുത്തിയത്. ലത്തീഫിന്റെ ഭാര്യ ഷാജിത ബീവിയെ കൊല്ലണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ലെങ്കിലും കൊലപാതക വിവരം പുറത്തു പറഞ്ഞാൽ തുടർ കൊലപാതകങ്ങൾ തടസ്സപ്പെടുമെന്ന് കരുതിയാണ് ഷാജിതയെയും കൊന്നതെന്നും അഫാൻ പാങ്ങോട് പൊലീസിന് മൊഴി നൽകി.
Story Highlights: Affan’s arrest has been recorded in two more cases related to the Venjaramood murders, including the deaths of his girlfriend Farsana and brother Afsan.