തൃശൂർ പോട്ടയിലെ ബാങ്ക് കൊള്ളയടിച്ച കേസിലെ പ്രതി തൃശൂർ ഭാഗത്തേക്ക് പോയതായി സൂചന ലഭിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അങ്കമാലിയിൽ എത്തിയ പ്രതി തൃശൂർ ഭാഗത്തേക്ക് മടങ്ങിയെന്നാണ് പുതിയ വിവരം.
ബാങ്കിലെ ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ടോയ്ലറ്റിൽ അടച്ച ശേഷമാണ് പ്രതി പണം കവർന്നത്. എട്ട് ജീവനക്കാർ ബാങ്കിലുണ്ടായിരുന്നെങ്കിലും മാനേജരും മറ്റൊരു ജീവനക്കാരനും ഒഴികെ ബാക്കിയുള്ളവർ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു കവർച്ച. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഹെൽമെറ്റും ജാക്കറ്റും ഗ്ലൗസും ധരിച്ച് ഇരുചക്രവാഹനത്തിലെത്തിയ അക്രമി ബാങ്കിനുള്ളിൽ കടന്നു. പണം സൂക്ഷിക്കുന്ന ക്യാബിൻ കസേര ഉപയോഗിച്ച് തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ജീവനക്കാർ പോലീസിനോട് പറഞ്ഞു.
പ്രതി എറണാകുളം ജില്ലയിലേക്ക് കടന്നതായി പോലീസിന് ഇന്നലെ രാത്രി സൂചന ലഭിച്ചിരുന്നു. അങ്കമാലി ബസ് സ്റ്റാൻഡിന് സമീപത്തുനിന്നും പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അങ്കമാലി പെരുമ്പാവൂർ റൂട്ടിൽ നിന്നും പ്രതിയുടേതെന്ന് സംശയിക്കുന്ന മറ്റൊരു സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്.
പെരുമ്പാവൂർ ഭാഗത്തേക്ക് പ്രതി കടന്നിരിക്കാമെന്ന സംശയത്തെ തുടർന്ന് പെരുമ്പാവൂർ മൂവാറ്റുപുഴ മേഖലകളിലും പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. കവർച്ചയ്ക്ക് ശേഷം പ്രതി തൃശൂർ ഭാഗത്തേക്ക് മടങ്ങിയെന്നാണ് പുതിയ വിവരം.
Story Highlights: A robbery took place in broad daylight at a bank in Potta, Thrissur, where the culprit held the staff hostage.