മോഷണക്കേസിൽ തെറ്റിദ്ധരിച്ച് ശാന്തിക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം വിവാദമായി. പത്തനംതിട്ട കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ്ശാന്തി വിഷ്ണുവിനെയാണ് കൊല്ലം ഇരവിപുരം പൊലീസ് ക്ഷേത്രത്തിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ദീപാരാധനയ്ക്ക് ശേഷമാണ് പൊലീസ് എത്തി വിഷ്ണുവിനെ കൊണ്ടുപോയത്. മോഷണക്കേസുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയെന്ന് അവിടെയുണ്ടായിരുന്നവരോട് പൊലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച സന്ധ്യയ്ക്ക് കസ്റ്റഡിയിലെടുത്ത വിഷ്ണുവിനെ ഒരു രാത്രി മുഴുവൻ സ്റ്റേഷനിൽ പാർപ്പിച്ച ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് വിട്ടയച്ചത്. ആളുമാറി പിടികൂടിയതാണെന്ന് പിന്നീട് ബോധ്യപ്പെട്ടതോടെയാണ് വിഷ്ണുവിനെ മോചിപ്പിച്ചത്. കഴിഞ്ഞ മാസം കൊല്ലം പൂതക്കാട് ദേവീക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പൊലീസ് അന്വേഷണം നടത്തിയത്. ക്ഷേത്രത്തിലെ വിളക്കുകൾ അടക്കം മോഷണം പോയതിൽ ശാന്തിക്കാരനെതിരെ ക്ഷേത്രം ഭാരവാഹികൾ പരാതി നൽകിയിരുന്നു.
മോഷണം നടത്തിയ ആളുമായി സാദൃശ്യമുണ്ടെന്ന് കരുതി വിഷ്ണുവിന്റെ ഫോട്ടോ ക്ഷേത്രം ഭാരവാഹികൾ പൊലീസിന് കൈമാറി. ദേവസ്വംബോർഡിലെ താൽക്കാലിക കീഴ്ശാന്തിക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് ഈ ഫോട്ടോ ലഭിച്ചത്. എന്നാൽ വിഷ്ണുവുമായി യാതൊരു ബന്ധവുമില്ലെന്ന് പിന്നീട് പൂതക്കാട് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കി. ഇതോടെയാണ് തെറ്റ് മനസ്സിലാക്കിയ പൊലീസ് വിഷ്ണുവിനെ വിട്ടയച്ചത്. അത്താഴപൂജ ഉൾപ്പെടെയുള്ള ചടങ്ങുകൾ ബാക്കി നിൽക്കെ കീഴ്ശാന്തിയെ കൊണ്ടുപോയത് ക്ഷേത്രകർമ്മങ്ങളെ ബാധിച്ചതായി മുരിങ്ങമംഗലം ക്ഷേത്രം ഭാരവാഹികൾ ആരോപിച്ചു.
Story Highlights: Temple priest mistakenly arrested in theft case, released after identity confusion