ഒരു വേനലവധിക്കാലം കൂടി ആഗതമായിരിക്കുന്നു. ഇന്നത്തെപ്പോലെയല്ല ചന്തമേറെയുള്ള ഒരു വേനലവധിക്കാലം അന്നൊരു കാലത്തുണ്ടായിരുന്നു. ടർഫുകളും ഇൻഡോർ സ്റ്റേഡിയങ്ങളും മുഴുവൻ സമയ ട്യൂഷനും ജിമ്മുകളും ഇല്ലാതിരുന്ന ഒരു കാലത്ത്; അന്ന് അവധിക്കാലം ആഘോഷിച്ചിരുന്ന ഏറ്റവും അവസാനത്തെ തലമുറയായ എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആദ്യവും ജനിച്ചവർ ഇപ്പോഴും തങ്ങളുടെ ഗൃഹാതുര സ്മരണകളിൽ ആനന്ദം കണ്ടെത്തുന്നുണ്ട്.
വേനലവധിയെന്നു പറഞ്ഞാൽ അന്നു ക്രിക്കറ്റായിരുന്നു. സച്ചിന്റെയും ഗാംഗുലിയുടെയും അസ്ഹറുദ്ദീന്റെയും ദ്രാവിന്റെയും സ്വന്തം ക്രിക്കറ്റ്. ഏപ്രിൽ, മേയ് മാസങ്ങളിലെ ഓരോ സൂര്യോദയവും ക്രിക്കറ്റിനു വേണ്ടി മാത്രമുള്ളതായിരുന്നു. ക്രിക്കറ്റനു വേണ്ടി അതിരാവിലെ ഉണർന്നിരുന്ന എത്രയോ ദിനങ്ങൾ. ക്രിക്കറ്റ് തലയ്ക്കു പിടിച്ച നാളുകളിലെ സ്വപ്നങ്ങളിൽ പോലും ക്രിക്കറ്റ് മാത്രം. റബ്ബര് തോട്ടങ്ങളിലും തെങ്ങിൻ തോപ്പുകളിലും നടമാടിയ അന്താരാഷ്ട്ര മത്സരങ്ങൾ; എത്രയെത്ര വെൽ പ്ലാൻഡ് ടൂർണമെന്റുകൾ.
മത്സരങ്ങൾക്കിടിയിലെ ചേരിപ്പോരുകൾ. സ്ലെഡിജിങ്, അടി കൂടൽ, വാതു വയ്പ്. ഏഴു രൂപയുടെ നീല സ്റ്റമ്പർ ബോൾ അല്ലെങ്കിൽ ചെൽസൺ കമ്പനിയുടെ വെള്ള ബോൾ. ബോൾ പെട്ടെന്നു പൊട്ടാതിരിക്കാൻ അതിലിട്ട സൂചിപ്പഞ്ചർ. ചീകി മിനുക്കിയ തടി ബാറ്റിൽ നാടൻ പെയ്ന്റിലെഴുതിയ ആ മൂന്ന് അക്ഷരങ്ങൾ: ‘M R F’. സ്ഥല പരിമിതികൾ പുതുക്കിയെഴുതിയ നാടൻ ക്രിക്കറ്റ് നിയമങ്ങൾ. അവിടെ എൽഡിഡബ്ല്യുവിനു സ്ഥാനമില്ലായിരുന്നു. സിക്സറുകൾ നിയന്ത്രിക്കപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്തവന് ആദ്യം ബോൾ ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു.
വലം കൈ ബാറ്റർമാർക്കു വേണ്ടി മാത്രം ഒരുക്കിയ പിച്ചുകളിൽ ബാറ്റ് ചെയ്യാൻ നന്നേ വിഷമിച്ച ഒരു ഇടം കൈ ബാറ്റർമാർ. എല്ലാ കൂട്ടത്തിലും ഉണ്ടായിരുന്നു. കുറ്റിക്കാട്ടിലും മതിലിനപ്പുറവും പൊങ്ങിപ്പോകാതെ അവൻ നേടിയ ബൗണ്ടറികളായിരുന്നു യഥാർത്ഥ ബാറ്റിംഗ് സ്കിൽ. എല്ലായിടത്തും ഉണ്ടായിരുന്നു ഒരു ‘മാങ്ങയേറു’കാരനും ഒരു ‘പിണകൈ’യ്യനും. പിന്നെ ബോളിങ്ങ് എൻഡിലെ ഒറ്റക്കുറ്റിയിൽ എപ്പോളും കൃത്യമായി എറിഞ്ഞു കൊള്ളിക്കുന്ന ഒരുവൻ, ഔട്ടായാലും സമ്മതിച്ചു തരാത്ത ഒരുവൻ, എല്ലാ ഓവറിലും ഒരു ബോൾ കുറച്ച് എറിഞ്ഞിട്ട് അതിനുവേണ്ടി തർക്കിക്കുന്ന ഒരുവൻ. സ്വന്തം ടീമിന്റെ ക്യാച്ച് മനപ്പൂർവം വിട്ടുകളയുന്ന വിക്കറ്റ് കീപ്പർ. അത് ബാറ്റിൽ കൊണ്ടില്ലെന്ന് വരുത്താൻ ബാറ്റിന്റെ പിടി കുലുക്കി സൗണ്ട് കേൾപ്പിക്കുന്ന ബാറ്റർ.
ഇവൻ എങ്ങനെയെങ്കിലും ഔട്ടാവണേയെന്നു പ്രാർഥിക്കുന്ന അടുത്തവൻ. വിജയത്തിനരികെ ക്രീസിൽ ‘തുഴച്ചിൽ’ നടക്കുമ്പോൾ ‘‘സ്റ്റമ്പിലടിച്ച് ഔട്ടാകെടാ’’ എന്ന് ആക്രോശിക്കുന്ന ടീ അംഗങ്ങൾ. ലാസ്റ്റ് ബോളിൽ സിംഗിള് എടുത്താൽ ഞാനൊന്നും ഓടില്ലെന്നു പറഞ്ഞ് ബാറ്റിൽ കുത്തിയിരിക്കുന്ന നോൺ സ്ട്രൈക്കർ. ക്യാമറകൾ ഒപ്പിയെടുക്കാതെ പോയ ഫീൽഡിംഗ് പാടവങ്ങൾ, ഡൈവിംഗ് ക്യാച്ചുകൾ, തർക്കങ്ങൾ പലതും റണ്ണൌട്ടുകളെ ചൊല്ലിയായിരുന്നു. ഒരുമാതിരിപ്പെട്ട ഔട്ടുകളൊന്നും സമ്മതിച്ചു കൊടുത്ത ചരിത്രമില്ല. തർക്കിക്കുന്ന സമയത്ത് ടീമിലെ ‘സത്യസന്ധ’നോ പുറത്തു നിന്നൊരാളോ ഔട്ടിനെ അനുകൂലിച്ചാൽ പിന്നെ മാറിക്കൊടുക്കാതെ നിവൃത്തിയില്ല. മഴ പെയ്തു ചെളിഞ്ഞ പിച്ചുകൾ വൃത്തിയാക്കുന്നതിൽ കാണിച്ചിട്ടുള്ള ആത്മാർത്ഥത വേറൊരു ജോലിയിലും കാണിച്ചിട്ടില്ല.
വീട്ടിൽ നിന്നും കടയിൽ പറഞ്ഞു വിട്ട വൈകുന്നേരങ്ങൾ ഇരുട്ടും വരെ ആഘോഷിച്ചത് ആ പറമ്പുകളിലായിരുന്നു. ബാറ്റിംഗ് കഴിഞ്ഞ് കടയിൽ പോണം എന്നും പറഞ്ഞു ഫീൽഡ് ചെയ്യാതെ മുങ്ങുന്ന വിരുതന്മാരും ഉണ്ടായിരുന്നു. സ്റ്റമ്പർ ബോളുകൾ തകർത്ത ജനൽചില്ലുകൾ പലപ്പോഴും പിറ്റേ ദിവസത്തെ കളിയും മുടക്കിയിട്ടുണ്ട്. പന്ത് മതിലിനകത്തേക്ക് ഉയർന്നു പൊങ്ങുമ്പോളേ പറമ്പ് കാലിയാകും. പലരും ഓടി വീടെത്തിയിട്ടുണ്ടാവും. ബൗണ്ടറി ലൈനിൽ നിന്നും ക്യാച്ചെടുത്തിട്ട് മുന്നോട്ടു കയറി ഫ്രീസായി നിന്നു കാണിക്കൽ, സിക്സാണെന്ന് കാണിക്കാൻ ആരുടെയോ കാൽപ്പാട് കാട്ടി ബോൾ കുത്തിയ പാടാണെന്ന് വരുത്തി തീർക്കൽ. ഇതൊക്കെ അന്നത്തെ സ്ഥിരം കലാപരിപാടികളിൽ ചിലതുമാത്രമായിരുന്നു.
വെയിലും മഴയും തളർത്താത്ത ആവേശം നിറഞ്ഞ പോരാട്ടങ്ങൾക്കു പല ദിവസങ്ങളിലും തിരശീലയിടുന്നത് കുറ്റിക്കാടുകളിലും മതിലകങ്ങളിലും പോയി ഒളിച്ചിരിക്കുന്ന പന്തുകൾ ആയിരിക്കും. അതും ഒന്ന് ഫോമായി വരുമ്പോൾ. ബാല്യം നൊസ്റ്റാൾജിയയുടെ കൂടാരമാണ്. ഓർമകളിൽ പച്ച വിരിച്ചു നിന്ന പറമ്പുകളിൽ പലതും ഇന്ന് നാമാവശേഷമായി. മണ്ണിനു മീതെ കെട്ടിടങ്ങള് ഉയർന്നപ്പോൾ ആ സ്മാരകങ്ങൾ ഓർമ്മകളായി.
പക്ഷേ, ഓർമ്മകൾക്കു മരണമില്ലല്ലോ. ഏതു വേനലിലും ഹൃദയത്തിന്റെ അടിത്തട്ടിൽ അവയങ്ങനെ പൂത്തു തളിർത്തു നിൽക്കും. ജീവിതത്തിൽ നാം അനുഭവിച്ച നമ്മുടെ അനിയന്മാരില്ലേക്കു പകർന്ന ആ നല്ല കാലം ഇനിയൊരു സൂര്യോദയത്തിൽ വീണ്ടും തുടുങ്ങിയിരുന്നെങ്കിലെന്നു നാം വല്ലാതെ ആശിച്ചു പോകും. വിരാട് കോഹ്ലിയും ട്രാവിസ് ഹെഡ്ഡുമുള്ള ഈ കാലത്തിൽ നിന്നും എത്ര മനോഹരമാണു സച്ചിനും അസ്ഹറുദ്ദീനും ദ്രാവിഡും ഗാംഗുലിയും കളം വാണ ആ പഴയ കാലം. അതാണു നന്മ. ഓരോ നാട്ടിൻപുറത്തുകാരനും അനുകരിച്ചു റബ്ബർ തോട്ടങ്ങളിലും തെങ്ങിൻ തോപ്പുകളിലും അവധിക്കാലം ആഘോഷിച്ച ആ നല്ല കാലം. എത്ര നിമിഷങ്ങളാണ്, എത്ര സന്തോഷങ്ങളാണ്, എത്ര ആഘോഷങ്ങളാണ് നമുക്ക് നഷ്ടമായത്.!
Story Highlights: Nostalgia for the summer cricket days of the 80s and 90s in Kerala, when Sachin, Ganguly, Azharuddin, and Dravid were heroes.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ