ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം യാഥാർഥ്യമായി. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ച ഡ്രാഗണ്‍ പേടകത്തില്‍ നിന്ന് ഷിഫ്റ്റ് 4 പേമെൻ്റ്സ് സ്ഥാപകനും അമേരിക്കയിലെ ശതകോടീശ്വര വ്യവസായിയുമായ ജാരെഡ് ഐസക്മാന്‍ (41) ബഹിരാകാശത്തെ തൊട്ടു. ഇന്നലെ രാവിലെ 6.52 നാണ് ജാരെഡ് ആദ്യമായി ബഹിരാകാശത്ത് ചുവട് വെച്ചത്. പിന്നാലെ സ്‌പേസ് എക്‌സിലെ എന്‍ജിനീയര്‍ സാറാ ഗിലിസും (30) ബഹിരാകാശത്തെ തൊട്ടു.
മണിക്കൂറുകള്‍ നീണ്ട തയാറെടുപ്പുകള്‍ക്കും പരിശോധനകള്‍ക്കും ഒടുവിലാണ് ഈ നേട്ടം കൈവരിച്ചത്. സ്‌പേസ് എക്‌സ് രണ്ടര വര്‍ഷം കൊണ്ട് വികസിപ്പിച്ചെടുത്ത ഇവിഎ സ്യൂട്ടുകള്‍ ധരിച്ചാണ് സഞ്ചാരികള്‍ ബഹിരാകാശത്ത് നടന്നത്. പരമാവധി 30 മിനിറ്റാണ് നടന്നതെങ്കിലും ഇതിനുള്ള തയാറെടുപ്പെല്ലാം കൂടി ചേരുമ്പോള്‍ ഒരു മണിക്കൂര്‍ 46 മിനിറ്റ് വരും ദൌത്യം നീണ്ടു.
ഈ മാസം 10ന് ഫ്ളോറിഡയിലെ കെന്നഡി സ്‌പേസ് സെൻ്ററിൽ നിന്നായിരുന്നു പൊളാരിസിൻ്റെ വിക്ഷേപണം. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ ഭൂമിയെ ചുറ്റുന്ന പേടകത്തില്‍ കേരളത്തിൻ്റെ മരുമകൾ അന്ന മേനോന്‍ ഉള്‍പ്പെടെ ആകെ 4 യാത്രികരാണ് ഉണ്ടായിരുന്നത്. ബഹിരാകാശ പര്യവേക്ഷണ രംഗത്ത് മനുഷ്യരാശി കൈവരിക്കുന്ന നാഴികക്കല്ലാകുന്ന നേട്ടങ്ങളിലൊന്നായി ഈ സ്വകാര്യ ബഹിരാകാശ നടത്തം മാറിയിരിക്കുന്നു.
Story Highlights: SpaceX achieves world’s first private spacewalk with Jared Isaacman and Sarah Gillis