ലഹരിവിരുദ്ധ സന്ദേശവുമായി ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ നയിക്കുന്ന SKN 40 കേരള യാത്ര പത്തനംതിട്ടയിൽ വൻ സ്വീകരണം നേടി. ജില്ലയിലെ വിവിധ കലാലയങ്ങളിൽ നടന്ന പരിപാടികളിൽ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പത്തനംതിട്ടയിലെ ആദ്യദിന പരിപാടി ബഹുജന സദസ്സോടെ സമാപിച്ചു.
പത്തനംതിട്ടയിലെ വിവിധ ക്യാമ്പസുകളിൽ യാത്രയ്ക്ക് യുവജനങ്ങളുടെ വൻ പിന്തുണയാണ് ലഭിച്ചത്. അടൂരിൽ ആരംഭിച്ച യാത്ര ഐ എച്ച് ആർ ഡി എഞ്ചിനിയറിംഗ് കോളജ്, മുസ്ലിയാർ എഞ്ചിനിയറിംഗ് കോളജ്, കോന്നി മന്നം മെമ്മോറിയൽ എൻ എസ് എസ് കോളജ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. കോന്നിയിൽ എംഎൽഎ കെ യു ജനീഷ് കുമാർ യാത്രയ്ക്ക് പിന്തുണയുമായെത്തി.
വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരിക്കെതിരായ തീം ഷോ ശ്രദ്ധേയമായി. ക്യാമ്പസുകളിൽ എസ് കെ എൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈദികരും പുരോഹിതന്മാരും ഉൾപ്പെടെയുള്ളവർ യാത്രയുടെ ഭാഗമായി.
പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടന്ന ബഹുജന സദസ്സിൽ സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പങ്കെടുത്തു. സാമൂഹ്യപ്രവർത്തകയും അധ്യാപികയുമായ സുനിൽ ടീച്ചർ SKN 40 ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു നിർധന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുമെന്ന് പരിപാടിയിൽ പ്രഖ്യാപിച്ചു.
ജില്ലയിലെ എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർ, വിവിധ സംഘടനകളുടെ ഭാരവാഹികൾ, വിദ്യാർത്ഥികൾ തുടങ്ങി നിരവധിപേർ ബഹുജന സദസ്സിൽ പങ്കാളികളായി. വിവിധ മേഖലകളിൽ ലഹരിക്കെതിരായ സന്ദേശവുമായി യാത്ര പത്തനംതിട്ടയിൽ തുടരും. ലഹരിക്കും അക്രമത്തിനുമെതിരെ ശക്തമായ സന്ദേശമാണ് യാത്ര നൽകുന്നത്.
Story Highlights: R. Sreekandan Nair’s SKN 40 Kerala Yatra against drugs and violence received a warm welcome in Pathanamthitta.