തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ ആറുമാസം പ്രായമുള്ള ഒരു ശിശു കൂടി മരണമടഞ്ഞു. കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് ഇന്ന് രാവിലെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് ഒൻപതരയോടെയാണ് മരിച്ചത്. ഫെബ്രുവരി 28ന് ഒരു കുഞ്ഞ് മരിച്ചതിന് പിന്നാലെ ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയിൽ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണിത്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശിശുക്ഷേമ സമിതിയിൽ നിന്ന് കുട്ടികളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
ശ്വാസതടസ്സത്തെ തുടർന്ന് 20 ദിവസം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിനെ ഒരാഴ്ച മുമ്പാണ് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയത്. ഇന്ന് വീണ്ടും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ അറിയാൻ സാധിക്കൂ എന്നും പോലീസ് അറിയിച്ചു.
കുഞ്ഞിന്റെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും പോസ്റ്റ്‌മോർട്ടം നടത്തുക. ശിശുക്ഷേമ സമിതിയിലെ കുട്ടികളുടെ സുരക്ഷയും ആരോഗ്യസ്ഥിതിയും സംബന്ധിച്ച് വീണ്ടും ആശങ്ക ഉയർന്നിട്ടുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന മരണങ്ങൾ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.
Story Highlights: A six-month-old baby died at the Thiruvananthapuram Child Welfare Committee due to breathing difficulties, marking the second child death at the center within a month.