കണ്ണൂർ പാപ്പിനിശ്ശേരിയിൽ നാലുമാസം പ്രായമായ പിഞ്ചുകുഞ്ഞിനെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസിലെ പ്രതിയായ പന്ത്രണ്ടുകാരിയെ ഇന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റും. കുഞ്ഞിന്റെ മരണം വെള്ളം ശ്വാസകോശത്തിൽ കയറിയാണെന്ന് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത ശേഷം പാപ്പിനിശ്ശേരി പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കിയ ശേഷമായിരിക്കും കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റുക.
കുഞ്ഞിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പാപ്പിനിശ്ശേരി പാറക്കലിലെ വാടക ക്വർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ കെ. മുത്തുവിന്റെയും അക്കമ്മലിന്റെയും നാലുമാസം പ്രായമായ പെൺകുഞ്ഞാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് കുഞ്ഞ് കാണാതായത്.
നടുമുറിയിൽ മുത്തുവിന്റെ ബന്ധുക്കളുടെ പന്ത്രണ്ടും നാലും വയസ്സുള്ള രണ്ട് പെൺകുട്ടികളും ഉണ്ടായിരുന്നു. അമ്മയുടെ അരികിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിൽ എറിയുകയായിരുന്നുവെന്ന് പന്ത്രണ്ടുകാരി പോലീസിനോട് സമ്മതിച്ചു. മൂന്ന് മാസം മുൻപ് പിതാവ് മരിച്ച പന്ത്രണ്ടുകാരിയുടെ അമ്മ നേരത്തെ കുടുംബത്തെ ഉപേക്ഷിച്ചു പോയിരുന്നു.
തന്നോടുള്ള സ്നേഹം കുറഞ്ഞു പോകുമെന്ന സംശയമാണ് കുട്ടിയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ആക്രി സാധനങ്ങൾ ശേഖരിച്ച് ജീവിക്കുന്ന മാതാപിതാക്കളുടെ കുഞ്ഞിന്റെ പരിപാലന ചുമതല പകൽസമയത്ത് പന്ത്രണ്ടുകാരിയുടെ കൈകളിലായിരുന്നു. വീട്ടുകാരെ ചോദ്യം ചെയ്യുന്നതിനിടെയാണ് കുട്ടി കുറ്റം സമ്മതിച്ചതെന്ന് വളപട്ടണം ഇൻസ്പെക്ടർ ടി.പി. സുമേഷ് പറഞ്ഞു.
Story Highlights: A 12-year-old girl was transferred to a juvenile home in Kannur, Kerala, after confessing to throwing a four-month-old baby into a well.