പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ചാനൽ ചർച്ചയിൽ നടത്തിയ വിദ്വേഷ പ്രസ്താവനയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. മതവിദ്വേഷ പരാമർശക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതായി കോടതി വിലയിരുത്തി. ജാമ്യം അനുവദിച്ചാൽ അത് തെറ്റായ സന്ദേശം നൽകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
പൊതുസമൂഹത്തിൽ മാപ്പു പറഞ്ഞതുകൊണ്ട് കുറ്റകൃത്യം ലഘൂകരിക്കാനോ കഴുകിക്കളയാനോ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. മുപ്പത് വർഷത്തോളം എംഎൽഎ ആയിരുന്ന വ്യക്തിയുടെ പരാമർശങ്ങൾ പൊതുസമൂഹം ശ്രദ്ധിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രകോപനത്താൽ പറഞ്ഞതാണെങ്കിൽ പോലും ഇത്തരം പരാമർശങ്ങൾ നടത്തുന്ന വ്യക്തി രാഷ്ട്രീയ നേതാവായി തുടരാൻ അർഹനല്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ നേതാക്കൾ സമൂഹത്തിലെ മാതൃകകളാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വ ആശയത്തെ ബാധിക്കുന്നതാണ് പി.സി. ജോർജിന്റെ പരാമർശമെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം പരാമർശങ്ങൾ തുടക്കത്തിലേ നുള്ളിക്കളയണമെന്നും കോടതി ഊന്നിപ്പറഞ്ഞു. ഇത്തരം കേസുകളിൽ കുറ്റക്കാർ പിഴയടച്ച് രക്ഷപ്പെടാൻ അവസരമൊരുക്കരുതെന്നും ശിക്ഷാവിധി കൂട്ടുന്ന കാര്യം നിയമ കമ്മിഷനും പാർലമെന്റും പരിശോധിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.
അതിരൂക്ഷമായ വിമർശനത്തോടെയാണ് പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. മതവിദ്വേഷ പരാമർശങ്ങൾ നടത്തിയതിന് പി.സി. ജോർജിനെതിരെ കേസെടുത്തിരുന്നു. ഈ കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്.
Story Highlights: PC George’s anticipatory bail plea rejected by High Court in hate speech case.